മുംബൈ: ജനങ്ങള്‍ക്ക് നീലച്ചിത്രം കാണിച്ച് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വികസനത്തിന്റെ ബ്ലൂ പ്രിന്റ് കാണിച്ചാണ് വിജയിച്ചതെന്നും എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതുകൊണ്ട് തന്നെ ഇത്തവണ ‘ബ്ലു ഫിലിം’ കാണിച്ച് ഗുജറാത്ത് പിടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ പേരിലുളള വിഡിയോകള്‍ സൂചിപ്പിച്ചാണ് രാജ് താക്കറെയുടെ വിമര്‍ശനം. ‘എന്തിനാണ് മറ്റുളളവരുടെ കിടപ്പറയില്‍ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നത്. മറ്റൊരാളുടെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണിത്’, രാജ് താക്കറെ തുറന്നടിച്ചു.
‘ബുളളറ്റ് ട്രെയിന്‍ ഗുജറാത്തിന് വേണ്ടി മാത്രമുളളതാണ്. എന്നാല്‍ ഇതിന് ചെലവാകുന്ന ഒരു ലക്ഷം കോടിയുടെ ബാധ്യത തിരിച്ചടക്കുന്നത് രാജ്യം മുഴുവനുമാണ്. അതുകൊണ്ടാണ് എംഎന്‍എസ് ഗുജറാത്തിലെ ബുളളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നത്’, അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. രാജ്യത്ത് നിരവധി പ്രശ്നങ്ങളുളളപ്പോള്‍ യോഗ ചെയ്യൂ എന്ന് മാത്രമാണ് പ്രധാനമന്ത്രി പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.