ന്യൂഡല്‍ഹി: ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുള്ളാഹിയാന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. മാര്‍ച്ച് മൂന്ന്, നാല് തീയതികളിലാണ് ദി റയ്സിന ഡയലോഗ് പരിപാടിയുടെ ഭാഗമായി അമീറിന്റെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.
വിദേശകാര്യ മന്ത്രാലയവും ഒബ്സേര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷനും (ഒആര്‍എഫ്) ചേര്‍ന്നു നടത്തുന്ന പരിപാടിയാണു ദി റയ്സിന ഡയലോഗ്. ഇവന്റുമായി ബന്ധപ്പെട്ട് ഒരു മാസം മുന്‍പ് പുറത്തിറക്കിയ പ്രൊമോഷണല്‍ വീഡിയോയിലെ ചില രംഗങ്ങളാണ് ഇറാന്‍ തീരുമാനത്തിനു പിന്നില്‍.
പ്രതിഷേധാര്‍ഹമായി ഇറാനിയന്‍ വനിത മുടിമുറിക്കുന്നത് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ചിത്രത്തിന് ഒപ്പം വരുന്ന രണ്ട് സെക്കന്‍ഡ് ദൈര്‍ഘ്യുമുള്ള ഭാഗം വീഡിയോയിലുണ്ടായിരുന്നു. ഇത് ഇറാന് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണു ദി ഇന്ത്യന്‍ എക്‌സ്‌പ്രസ് മനസിലാക്കുന്നത്.
ഇറാനിയന്‍ എംബസി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും ഒ ആര്‍ എഫിനെയും തങ്ങളുടെ എതിര്‍പ്പ് അറിയിക്കുകയും ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഘാടകര്‍ തയാറായില്ല.
ഇരുപത്തി രണ്ടുകാരിയായ മഹ്സ അമിനിയെ ഇറാനിയന്‍ പൊലീസ് കസ്റ്റഡിയിലെടുത്തതു മുതല്‍ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ സെപ്തംബറിലായിരുന്നു മഹ്സയെ കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ ഇറാനില്‍ തുടരുന്ന പ്രതിഷേധം സംബന്ധിച്ച് ഇതുവരെ ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല. നവംബറിൽ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ (യു എൻ എച്ച് ആർ സി) അംഗീകരിച്ച പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇറാനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം.
16 രാജ്യങ്ങളായിരുന്നു പ്രമേയത്തിൽനിന്ന് വിട്ടു നിന്നത്. 47 അംഗ സമിതിയിലെ 25 പേര്‍ പ്രമേയത്തെ അനുകൂലിക്കുകയും ഏഴ് പേര്‍ എതിര്‍ക്കുകയും ചെയ്തു.
ജി 20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലാണ് നടക്കുന്നത്. ഇതിനു പിന്നാലെയാണ് ദി റയ്സിന ഡയലോഗ് ഇവന്റ്.
ഇന്ത്യയ്ക്കും ഇറാനും നയതന്ത്രപരമായ ഉയർച്ച താഴ്ചകളുടെ നീണ്ട ചരിത്രമുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഉപരോധ ഭീഷണിയെത്തുടർന്ന് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിവച്ചിരുന്നു.