ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്റെ അതിക്രമങ്ങൾക്കെതിരെയാണു സിഎഎ വിരുദ്ധ പ്രക്ഷോഭകർ ശബ്ദമുയർത്തേണ്ടതെന്ന് അദ്ദേഹം കർണാടകയിലെ തുംകൂറിൽ പറഞ്ഞു.
പാക്കിസ്ഥാൻ രൂപീകരിക്കപ്പെട്ടത് മതാടിസ്ഥാനത്തിലാണ്. അവിടെ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയാണ്. പീഡിപ്പിക്കപ്പെട്ടവർ അഭയാർഥികളായി ഇന്ത്യയിലേക്ക് വരാൻ നിർബന്ധിതരായി. എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും പാകിസ്ഥാനെതിരെ സംസാരിക്കുന്നില്ല. പകരം അവർ അഭയാർഥികൾക്കെതിരെ റാലികൾ നടത്തുകയാണ്.
പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച മോദി പാക്കിസ്ഥാനിൽ പീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നും മോദി പറഞ്ഞു.
പൗരത്വ നിയമത്തെ ന്യായീകരിച്ച പ്രധാനമന്ത്രി കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചതിന് പ്രതിപക്ഷത്തെ വിമർശിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഡൽഹിയിലെ റാംലീല മൈതാനത്ത് നടത്തിയ പ്രസംഗത്തിൽ നിയമം ഇന്ത്യൻ മുസ്‌ലിംകളെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്ന ഭേദഗതി ചെയ്ത നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധത്തിനിടയിലാണ് മോദിയുടെ ഈ പരാമർശം. പുതിയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് കേരളം, പഞ്ചാബ്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയിട്ടുണ്ട്.