റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിലുളള ബിആർ അംബേദ്കർ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെത്തുടന്ന് മൂന്നു നവജാത ശിശുക്കൾ മരിച്ചു. അതേസമയം, കുട്ടികൾ മരിച്ചത് ഓക്സിജൻ വിതരണത്തിലെ തടസ്സം മൂലമല്ലെന്നും അസുഖം മൂലമാണെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

ഓക്സിജൻ മർദത്തിലാണ് കുറവുണ്ടായതെന്നും മറിച്ച് ഓക്സിജൻ വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നും ഹെൽത്ത് സർവീസസ് ഡയറക്ടർ ആർ.പ്രസന്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഓക്സിജൻ മർദത്തിൽ കുറവുണ്ടായ ഉടൻ തന്നെ ഡോക്ടർമാർ വിവരം അറിയിക്കുകയും സൂപ്രണ്ട് ഇടപെട്ട് ഉടൻ അത് പരിഹരിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഓക്സിജൻ വിതരണത്തിൽ മേൽനോട്ടം വഹിക്കുന്ന ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. അതിനിടെ സംഭവത്തിൽ മുഖ്യമന്ത്രി രാമൻ സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികളുടെ മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

ഓക്സിജന്‍ വിതരണത്തിലെ അപാകതയെ തുടര്‍ന്ന് ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ എഴുപതോളം കുട്ടികള്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റായ്പൂരിലെ സംഭവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ