ന്യൂഡല്‍ഹി: ജന്ദര്‍ മന്ദറിലെ എഎപി റാലി നടന്ന വേദി ഗംഗാജലം തളിച്ച് ശുദ്ധീകരിക്കാനുള്ള ബിജെപി നീക്കം പാളി. കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ അരവിന്ദ് കെജരിവാളിനൊപ്പം സിപിഎം നേതാവ് സീതാറാം യെച്ചൂരി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തിരുന്നു. ഇതിനെതിരെ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് നേതാവിന്റെ നേതൃത്വത്തിലുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.
പ്രതിപക്ഷ സഖ്യത്തെ അശുദ്ധ സഖ്യമെന്നായിരുന്നു മനോജ് തിവാരി വിശേഷിപ്പിച്ചത്. കെജരിവാളിന്റെ പ്രതിഷേധത്തെ കറുത്ത ഏടെന്നും തിവാരി വിമര്‍ശിച്ചു. ഇതേതുടര്‍ന്ന് വേദി ഗംഗാജലം തളിച്ച് ശുദ്ധീകരിക്കണമെന്ന് തിവാരി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഗംഗാജലവുമായി തിവാരി ജന്ദര്‍ മന്ദറിലെത്തുകയും ചെയ്തു. എന്നാല്‍ മഴ ബിജെപിയ്ക്ക് വില്ലനായി.
ഇന്ന് രാവിലെ മുതല്‍ ഡല്‍ഹിയില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെ ബിജെപിയുടെ ശുചീകരണ നീക്കം പാളുകയായിരുന്നു. ശുദ്ധീകരണം നടന്നില്ലെങ്കിലും പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ തിവാരിക്ക് കഴിഞ്ഞു. കെജരിവാളിനൊപ്പം വേദി പങ്കിട്ടവര്‍ അഴിമതയില്‍ മുങ്ങിയവരാണെന്ന് തിവാരി പറഞ്ഞു. തിവാരിയുടെ പ്രസംഗത്തിനിടെ മഴ കനക്കുകയായിരുന്നു.
ഇതോടെ വേദിയിലേക്ക് വേഗമെത്തിയ തിവാരി ഗംഗാ ജലം തളിച്ചതോടെ ശുദ്ധീകരണം പൂര്‍ത്തിയായി.