ന്യൂഡല്‍ഹി: ട്രെയിൻ യാത്രക്കാരുടെ ശുചിത്വ പരിപാലനത്തിന് പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകളിലെ ടോയ്‌ലെറ്റ് സൗകര്യത്തിനൊപ്പം സാനിറ്ററി പാഡുകളും കോണ്ടവും ലഭിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുകയാണ് റെയിൽവേ ബോർഡ്. പുതിയ പദ്ധതി പ്രകാരം സ്റ്റേഷന് അകത്തും പുറത്തുമുളള ടോയ്‌ലെറ്റിന് സമീപത്തെ ചെറിയ കടകളിൽ ഇനി മുതൽ സാനിറ്ററി പാഡുകളും കോണ്ടവും ലഭിക്കും.
യാത്രക്കാരെ കൂടാതെ, സ്റ്റേഷന്‍റെ സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയിലാണ് റെയില്‍വേ തങ്ങളുടെ പുതിയ ടോയ്‌ലെറ്റ് പോളിസി അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റേഷനു സമീപം താമസിക്കുന്നവർ പരിസരത്ത് മലമൂത്ര വിസർജനം നടത്തുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അവർക്കും ഉപകാരപ്രദമായ രീതിയിൽ പുതിയ പദ്ധതി തയ്യാറാക്കിയത്.
“ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വേണ്ടിയാണ് റെയില്‍വേ സ്റ്റേഷന് അകത്തും പുറത്തും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ടോയ്‌ലെറ്റ് പണിയാൻ തീരുമാനിച്ചത്. ആർത്തവസമയത്തെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനും, ഗർഭനിരോധന ഉറകളുടെ ശരിയായ ഉപയോഗത്തിനും ഇത് സഹായകരമാകും. സ്ത്രീകള്‍ക്ക് വില കുറഞ്ഞ സാനിറ്ററി പാഡുകളും, പുരുഷന്മാര്‍ക്ക് കോണ്ടവും ടോയ്‌ലെറ്റിന് സമീപമുളള കടകളിൽ നിന്ന് ലഭിക്കും,” പുതിയ പദ്ധതി വ്യക്തമാക്കുന്നു.
സ്റ്റേഷനില്‍ വരുന്നവര്‍ക്കും, സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും, യാത്രക്കാര്‍ക്കും സൗജന്യമായി പുതിയ ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളായിരിക്കും. 8,500 സ്റ്റേഷനുകളിലാണ് പുതിയ പദ്ധതി ആദ്യം നടപ്പിലാക്കുക. ടോയ്‌ലെറ്റുകളുടെ ശുചീകരണത്തിനായി ഓരോ സ്റ്റേഷനിലും മൂന്നുപേരെ നിയമിക്കും. ഇതിൽ രണ്ടു പേർ സ്വീപ്പമാരും ഒരാൾ സൂപ്പർവൈസറുമാണ്.