ന്യൂഡല്‍ഹി : ഓരോ തീവണ്ടികള്‍ക്കും അത് ഓടുന്ന നാട്ടിലെ സാഹിത്യകൃതികളുമായി ബന്ധപ്പെട്ട പേരാണെങ്കില്‍ എങ്ങനെയിരിക്കും ? പശ്ചിമഘട്ടം കടന്ന് പാലക്കാടേക്ക് കയറിവരുന്ന വണ്ടിയെ ഖസാകിന്‍റെ ഇതിഹാസമെന്നോ ഖസാക് എക്‌സ്പ്രസ്സ് എന്നോ വിളിച്ചാല്‍ എങ്ങനെയിരിക്കും ? ബംഗാളിലേക്ക് ഓടുന്ന ട്രെയിനു മഹാശ്വേതാ ദേവിയുടെ ഏതെങ്കിലും കൃതികളുടെ പേരായാല്‍ ? എന്നാല്‍ അങ്ങനെയൊരു മാറ്റം വരുത്താന്‍ ആലോചിക്കുകയാണ് റെയില്‍വേ മന്ത്രാലയം.

രാജ്യമൊട്ടാകെ  തീവണ്ടികള്‍ക്കൊക്കെ ഓടുന്ന പ്രദേശത്തെ അവാര്‍ഡ് കരസ്ഥമാക്കിയ സാഹിത്യ കൃതികളുടെ പേരുകൊടുക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നതായി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

” റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഈ ആശയം മുന്നോട്ടു വെക്കുന്നത്. രാജ്യത്തെ വിഭിന്നങ്ങളായ സാംസ്കാരിക സ്വത്വങ്ങളെ ട്രെയിനുകളിലൂടെ സംയോജിപ്പിക്കാമെന്ന് പറയുന്നത് അദ്ദേഹമാണ്. അതിനായി നമ്മള്‍ ഓരോ ഭാഷകളില്‍ നിന്നും ഓരോ പ്രദേശത്ത് നിന്നുമുള്ള എഴുത്തുകാരുടെ കൃതി ഉപയോഗിക്കും.” ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതിനായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ എഴുത്തുകാരുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട് എന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

എന്നാല്‍ ഇതാദ്യമായല്ല ട്രെയിനുകള്‍ക്ക് സാഹിത്യവുമായി ബന്ധപ്പെട്ട പേരുകള്‍ വീഴുന്നത്. മുംബൈ മുതല്‍ ഉത്തര്‍പ്രദേശ്‌ വരെ ഓടുന്ന ഗോധാന്‍ എക്‌സ്പ്രസ്സ് മുന്‍ഷി പ്രേംചന്ദിന്‍റെ കൃതിയെ പിന്‍പറ്റി വന്നതാണ്. ഉര്‍ദു കവിയായ കൈഫി അസ്മിയുടെ സ്മരണാര്‍ത്ഥമാണ് ഉത്തര്‍പ്രദേശിലെ അസംഗഡിനേയും ഡല്‍ഹിയേയും ബന്ധിപ്പിക്കുന്ന കാഫിയത് എക്‌സ്പ്രസ്സിനു പേരുനല്‍കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ