ന്യൂഡൽഹി: സർവ്വീസിൽ നിന്ന് വിരമിച്ചവരെ വീണ്ടും നിയമിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനം. റെയിൽവേയുടെ പാരമ്പര്യം കേടുകൂടാതെ സൂക്ഷിക്കേണ്ട ജോലിയാണ് ഇവരെ ഏൽപ്പിക്കുക. പ്രതിദിനം 1200 രൂപ വേതനത്തിലാണ് 65 വയസിൽ കൂടുതൽ പ്രായമാകാത്തവരെ നിയമിക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ ചരിത്രം പേറുന്ന സ്റ്റീം എൻജിൻ, വിന്റേജ് കോച്ചുകൾ, സ്റ്റീം ക്രയിൻ, സെമാഫോർ സിഗ്നൽ, സ്റ്റേഷൻ ഉപകരണങ്ങൾ തുടങ്ങിയവ സംരക്ഷിക്കേണ്ട ചുമതലയാണ് ഇനി മുതൽ വിരമിച്ച ജീവനക്കാർക്ക് നൽകുക.

ഇത് വളരെ കാലത്തെ ചർച്ചകൾക്ക് ശേഷമാണ് പാരമ്പര്യം പരിരക്ഷിക്കാനുളള തീരുമാനത്തിലേക്ക് ഇന്ത്യൻ റെയിൽവേ എത്തിച്ചേർന്നിരിക്കുന്നത്. വിവിധ സോണൽ തലവന്മാരുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ധാരണയായത്. വിരമിച്ചവർക്ക് പഴയ ഉപകരണങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുമെന്നാണ് ഇവരെ നിയമിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. വിരമിച്ച പത്ത് പേർക്ക് നിയമനം നൽകാനാണ് റെയിൽവേ ബോർഡിന്റെ തീരുമാനം.

റെയിൽവേ മ്യൂസിയങ്ങളും വർക്‌ഷോപ്പുകളും ഉളള സ്ഥലങ്ങളിൽ ഇവരെ നിയമിക്കും. ഇവിടങ്ങളിൽ മെയിന്റനൻസ് ജോലികൾ  ഉണ്ടെങ്കിൽ മാത്രമേ നിയമനം നടത്തൂ. ആറ് മാസത്തേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കുക. ആരോഗ്യസ്ഥിതിയും പ്രവർത്തിയിലെ മികവും കണക്കിലെടുത്താണ് ഇത്. ഇവർക്ക് നൽകുന്ന വേതനം അവരുടെ അവസാന മാസത്തെ വേതനത്തേക്കാൾ കൂടുതലാകരുതെന്ന നിർദ്ദേശവും റെയിൽവേ ബോർഡ് മുന്നോട്ട് വച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook