/indian-express-malayalam/media/media_files/uploads/2017/10/nh21tejastrain759.jpg)
ന്യൂഡൽഹി: നാളെ മുതൽ ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തേക്കടക്കം ഇരു ദിശകളിലേക്കായി 15 ജോഡി അഥവാ 30 ട്രെയിനുകളാണ് സർവീസ് ആരംഭിക്കുക. ന്യൂഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിനുകളായാണ് സർവീസുകൾ ആരംഭിക്കുക. തിരുവനന്തപുരം, ബംഗലൂരു, ദിബ്രുഗഡ്, പട്ന, ജമ്മുതാവി, ബിലാസ്പൂർ, റാഞ്ചി, ഭുബനേശ്വർ, സികന്ദ്രാബാദ്, മഡ്ഗാവ്, അഹമ്മദാബാദ്, മുംബൈ സെൻട്രൽ, ചെന്നൈ, ഹൌറ, അഗർത്തല എന്നിവിടങ്ങളിലേക്കാണ് ട്രെയിൻ സർവീസുകൾ ആരംഭിക്കുക.
- എല്ലാ ട്രെയിനുകളിലും കുറഞ്ഞ സ്റ്റോപ്പുകൾ മാത്രം.
- എസി കോച്ചുകൾ ഉണ്ടായിരിക്കും.
- ഇരു ദിശകളിലേക്കുമായി 15 ജോഡി, അഥവാ 30 ട്രെയിനുകൾ സർവീസ് നടത്തും.
- കൺസെഷനുണ്ടാവില്ല.
- കൃത്യമായ കൺഫോം ചെയ്ത ടിക്കറ്റുള്ളവർക്ക് മാത്രം റെയിൽ വേ സ്റ്റേഷനിൽ പ്രവേശിക്കാം.
- രോഗലക്ഷണങ്ങളില്ലാത്തവർക്ക് മാത്രം യാത്ര ചെയ്യാം.
- യാത്രക്കാർ മുഖാവരണം നിർബന്ധമായും ധരിക്കണം.
- യാത്ര തിരിക്കുമ്പോൾ സ്ക്രീനിങ് പരിശോധനയ്ക്ക് വിധേയരാവണം.
- എല്ലാ ട്രെയിനുകളും രാജ്യ തലസ്ഥാനമായ ന്യഡൽഹിയിൽ യാത്ര ആരംഭിക്കുന്നതോ അവസാനിപ്പിക്കുന്നതോ ആയിരിക്കും.
- കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന, ഗോവ, അസം, ബിഹാർ, ഗുജറാത്ത്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, ഝാർഘണ്ട്, തൃപുര, ഒഡീഷ, ജമ്മുകശ്മീർ എന്നിവിടങ്ങളിലെ 15 സ്റ്റേഷനുകളെ ഡൽഹിയുമായി ബന്ധിപ്പിച്ചാണ് ട്രെയിനുകൾ.
- ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് കേരളത്തിലൂടെയുള്ള ട്രെയിൻ സർവീസ്. കൊങ്കൺവഴിയാണ് ട്രെയിൻ തിരുവനന്തപുരത്തെത്തുക.
- ന്യൂഡൽഹി തിരുവനന്തപുരം ട്രെയിനിന് 18 സ്റ്റോപ്പുണ്ടാവും. കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ജങ്ഷൻ, ആലപ്പുഴ, കൊല്ലം, എന്നിവിടങ്ങളിൽ നിർത്തും.
- ട്രെയിനിലുപയോഗിക്കാനുള്ള പുതപ്പുകൾ യാത്രക്കാർ കൊണ്ടുപോവണം
- ട്രെയിനിലോ റെയിൽവേ സ്റ്റേഷനിലോ ഭക്ഷണം ലഭിക്കില്ല. ഭക്ഷണം യാത്രക്കാർ കരുതണം.
ടിക്കറ്റ് ബുക്കിങ്ങ്
- ഇന്ന് വൈകിട്ട് നാലുമണി മുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും.
- ഓൺലൈൻ വഴി മാത്രമാണ് ബുക്കിങ്ങ്.
- ഐആർസിടിസി വെബ്സൈറ്റ് (https://www.irctc.co.in/) വഴി ബുക്കിങ്ങ് നടത്താം.
- റെയിൽവേ സ്റ്റേഷൻ വഴിയോ മറ്റു മാർഗങ്ങളിലോ ബുക്ക് ചെയ്യാൻ പറ്റില്ല.
റെയിൽവേ സ്റ്റേഷനുകൾ
- കേരളം- തിരുവനന്തപുരം
- കർണാടക-ബംഗലൂരു
- തമിഴ്നാട്-ചെന്നൈ
- മഹാരാഷ്ട്ര-മുംബൈ സെൻട്രൽ
- തെലങ്കാന-സികന്ദ്രാബാദ്
- ഗോവ-മഡ്ഗാവ്
- അസം-ദിബ്രുഗഡ്
- ബിഹാർ-പട്ന
- ഗുജറാത്ത്-അഹമ്മദാബാദ്
- പശ്ചിമബംഗാൾ- ഹൌറ
- ഛത്തീസ്ഗഡ് -ബിലാസ്പൂർ
- ഝാർഘണ്ട് -റാഞ്ചി
- ഒഡീഷ - ഭുബനേശ്വർ
- ജമ്മുകശ്മീർ-ജമ്മുതാവി
- തൃപുര- അഗർത്തല
തീരുമാനം ഉന്നതതല യോഗത്തിൽ
കോവിഡ് ഭീഷണിയെത്തുടർന്ന് 50 ദിവസമായി രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത്. ലോക്ക്ഡൗൺ കാലാവധിയിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള നോൺ സ്റ്റോപ് ട്രെയിനുകൾ മാത്രമാണ് ഇതുവരെ ഓടിയത്.
Indian Railways has decided for the gradual resumption of passenger train services but existing Shramik special trains will continue to run as per current system on the request of the concerned state governments.#IndiaFightsCorona
— Ministry of Railways (@RailMinIndia) May 10, 2020
Read More | ലോക്ക്ഡൗൺ: മേയ്-17നു ശേഷം ഇനി എന്ത്? ചർച്ചയ്ക്കൊരുങ്ങി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും
സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരമായിരുന്നു ഈ മാസം 01 മുതൽ തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിനുകൾ ഓടിത്തുടങ്ങിയത്. നേരത്തേ ഇതര സംസ്ഥാന തൊഴിലാളികൾക്ക് യാത്രാ സൗകര്യം ലഭ്യമാക്കുന്നതിനായി വരും ദിവസങ്ങളിൽ 300 പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാൻ തയ്യാറാണെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു.
കോച്ചുകൾക്കനുസരിച്ച് കൂടുതൽ റൂട്ടുകളിൽ സർവീസ്
ലഭ്യമാവുന്ന കോച്ചുകൾക്കനുസരിച്ച് കൂടുതൽ റൂട്ടുകളിൽ കൂടുതൽ സർവീസ് നടത്തുമെന്ന് റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുന്നതിനുവേണ്ടി റെയിൽവേയുടെ 20,000 കോച്ചുകൾ ബുക്ക് ചെയ്തിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾക്കായും കോച്ചുകൾ മാറ്റിവച്ചിരുന്നു. പ്രതിദിനം 300 ശ്രമിക് സ്പെഷ്യൽ ട്രെയിനുകളാവും സർവീസ് നടത്തുക എന്ന് റെയിൽവേയുടെ പ്രസ്താവനയിൽ പറയുന്നു.
Read More | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ഇതാദ്യമായാണ് സാധാരണ ഗതിയിലുള്ള യാത്രാ ട്രെയിനുകൾ ആരംഭിക്കാൻ കേന്ദ്രം തീരുമാനിക്കുന്നത്. പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടാവും. ഇന്നലെ കാബിനറ്റ് സെക്രട്ടറി സംസ്ഥാന സർക്കാർ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ചയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് തന്ത്രപ്രധാനമായ നീക്കത്തിന് അന്തിമ രൂപം നൽകിയത്.
Read More | Railways to gradually restart passenger trains from May 12
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.