ന്യൂഡൽഹി: ഉത്തർപ്രദേശിലെ ആളില്ലാ ലെവൽ ക്രോസിൽ സ്കൂൾ വാൻ അപകടത്തിൽ പെട്ട് 13 കുട്ടികൾ മരിച്ചതിന് പിന്നാലെ രാജ്യത്തെ എല്ലാ ആളില്ലാ ലെവൽ ക്രോസുകളും 2020 വരെ മാത്രമേ ഉണ്ടാകൂവെന്ന് അശ്വിനി ലഹാനി. 2020 മാർച്ച് 31 ന് മുൻപ് എല്ലാ ആളില്ലാ ലെവൽ ക്രോസുകളും ഇല്ലാതാക്കുമെന്നാണ് റയിൽവെ ബോർഡ് ചെയർമാൻ വ്യക്തമാക്കിയിരിക്കുന്നത്.

രാവിലെ നടന്ന അപകടത്തിൽ 13 കുട്ടികളാണ് മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റു. ഡ്രൈവറടക്കമുളളവരുടെ നില അതീവ ഗുരുതരമാണ്. ഇതോടെയാണ് റയിൽവെ ബോർഡ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വന്നത്. പാസഞ്ചർർ ട്രെയിനിടിച്ചാണ് സ്കൂൾ വാനിലുണ്ടായിരുന്ന കുട്ടികൾ മരിച്ചത്.

യുദ്ധകാലാടിസ്ഥാനത്തിൽ ആളില്ല ലെവൽ ക്രോസുകൾ ഇല്ലാതാക്കുകയാണെന്ന് ചെയർമാൻ പറഞ്ഞു. 1565 എണ്ണം 2017-18 വർഷത്തിൽ പിൻവലിച്ചു. 2018-19 വർഷം 1600 എണ്ണം പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപകാലത്ത് ആളില്ല ലെവൽ ക്രോസുകളിലെ അപകടങ്ങളുടെ എണ്ണം വളരെയധികം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. 2014-15 കാലത്ത് 50 അപകടങ്ങളും 2015-16 വർഷത്തിൽ 29 അപകടങ്ങളുമായിരുന്നു ആളില്ല ലെവൽ ക്രോസുകളിൽ നടന്നത്. പിന്നീടുളള രണ്ട് വർഷങ്ങളിൽ യഥാക്രമം 20 ഉം, 10 അപകടങ്ങളാണ് ആളില്ല ലെവൽ ക്രോസുകളിൽ നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook