ന്യൂഡൽഹി: ലഡാക്ക് ഏറ്റുമുട്ടലിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള കരാഞ റദ്ദാക്കി റെയിൽവേ. കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. 471 കോടി രൂപയുടെ കരാറാണ് റെയിൽവേ ചൈനീസ് കമ്പനിയുമായി ഒപ്പിട്ടിരുന്നത്. അതേസമയം ലഡാക്ക് സംഘർഷമല്ല നടപടിക്ക് കാരണമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം.

ലോക ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് ബീയ്ജിങ് നാഷ്ണൽ റെയിൽവേ റിസേർച്ച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ ആൻഡ് കമ്മ്യൂണിക്കേഷനുമായാണ് റെയിൽ മന്ത്രാലയം കരാർ ഒപ്പിട്ടത്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

അതേസമയം കേന്ദ്രത്തിന്റെ തീരുമാനം ലോകബാങ്ക് അംഗീകരിക്കുമോയെന്ന് കാത്തിരുന്നു കാണണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യ-ചൈന അതിർത്തി വീണ്ടും സംഘർഷഭരിതമായതോടെ ചൈനീസ് ഉൽപ്പന്നങ്ങളും ആപ്ലിക്കേഷനുകളും അടക്കം നിരോധിക്കണമെന്ന ക്യാമ്പയിൻ രാജ്യത്തിലുടനീളം നടക്കുന്നുണ്ട്.

ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ചൈനീസ് റസ്റ്ററന്റുകളും ഭക്ഷണങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയും രംഗത്തെത്തിയിരുന്നു. ജനങ്ങൾ ചൈനീസ് ഭക്ഷണങ്ങൾ ഉപേക്ഷിച്ച് സ്വയം മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. “ചൈന ചതിക്കുന്ന രാജ്യമാണ്. ചൈനയിൽ നിന്നുളള എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണം. ചൈനീസ് ഭക്ഷണവും അത് വിൽക്കുന്ന ഹോട്ടലുകളും അടയ്ക്കണം,” കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook