ന്യൂഡൽഹി: ഈ വർഷം ഓഗസ്റ്റ് 15 നകം 75 വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ നിരത്തിലിറക്കുകയെന്നതാണ് റെയിൽവേയുടെ ലക്ഷ്യം. എന്നാൽ, റെയിൽവേ ഈ ലക്ഷ്യത്തിനടുത്തെങ്ങും എത്തിയിട്ടില്ല. 16-കോച്ച് സ്റ്റാൻഡേർഡ് വേരിയന്റുകൾ നിർമ്മിക്കാതെ മൊത്തം ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാൻ എട്ട് കോച്ചുകളുടെ ചെറിയ പതിപ്പ് നിർമ്മിക്കാനാണ് ശ്രമം.
മണിക്കൂറിൽ 160 കിലോമീറ്റർ എന്ന വേഗതയിൽനിന്ന് വ്യത്യസ്തമായി, പുതിയ ട്രെയിനുകൾ ശരാശരി 64 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്. എട്ട് കോച്ചുകളുള്ള പുതിയ ഡൽഹി-ഡെറാഡൂൺ വന്ദേ ഭാരതിന്റെ ശരാശരി വേഗതയാണിത്. ഇതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ഡെറാഡൂണിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അടുത്തയാഴ്ച, ഗുവാഹത്തിക്കും ന്യൂ ജൽപായ്ഗുരിക്കുമിടയിൽ എട്ട് കോച്ചുകളുള്ള മറ്റൊരു ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇത് വടക്കുകിഴക്കിനെ വന്ദേ ഭാരത് റൂട്ട് മാപ്പിലേക്ക് കൊണ്ടുവരും.
2019 ൽ ആദ്യത്തേതിന് തുടക്കമിട്ടുവെങ്കിലും, 2021 മുതൽ, സ്പെസിഫിക്കേഷനുകളുടെ അന്തിമരൂപം, ടെൻഡർ വ്യവസ്ഥകൾ, വ്യവസായ കൺസൾട്ടേഷനുകൾ, കൂടാതെ ഹൗസ് കീപ്പിങ് പ്രശ്‌നങ്ങൾ എന്നിവയൊക്കെ പുതിയ ട്രെയിൻ സർവീസുകളെ തടഞ്ഞു. പുതിയ ട്രെയിനുകൾ നിരത്തിലിറക്കുന്നത് വേഗത്തിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ആഴ്ച എക്സ്പ്രസ് പരിപാടിയിൽ പറഞ്ഞിരുന്നു. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരു ട്രെയിൻ പുറത്തിറക്കാൻ ഞങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ഓടാനാണ് ട്രെയിനുകളിൽ അധികവും അനുവദിച്ചിരിക്കുന്നത്. എന്നാൽ, നിലവിലെ ട്രാക്കിലൂടെ വേഗത കൂട്ടുകയെന്നത് വെല്ലുവിളി നിറഞ്ഞതാണ്. ട്രാക്ക് നവീകരണം നടത്തിയാൽ മാത്രമേ വന്ദേ ഭാരത് ട്രെയിനുകൾക്ക് കൂടുതൽ വേഗതയിൽ ഓടാൻ കഴിയൂ. പക്ഷ, സ്ഥിരമായ വേഗത നിയന്ത്രണങ്ങൾ മാറ്റുന്നത് (ട്രാക്കുകളിൽ) ഡിആർഎമ്മുകളും ജിഎമ്മുകളും ഏർപ്പെട്ടിരിക്കുന്ന ഒരു തുടർച്ചയായ പ്രക്രിയയാണെന്ന് റെയിൽവേ വക്താവ് പറഞ്ഞു.