ന്യൂഡല്‍ഹി: അടുത്ത തവണ നിങ്ങള്‍ ട്രെയിനില്‍ സെക്കന്‍ഡ് എ.സി കംപാര്‍ട്ടുമെന്റുകളില്‍ കയറിയാല്‍ ചിലപ്പോള്‍ കര്‍ട്ടനുകള്‍ കാണാന്‍ കഴിഞ്ഞെന്ന് വരില്ല. സെക്കന്റ് എസി കംപാര്‍ട്ടുമെന്റുകളിലെ കിടക്കമുറി കര്‍ട്ടനുകള്‍ നീക്കം ചെയ്യാനായി റെയില്‍വെ ആലോചിക്കുന്നതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവ വൃത്തിയാക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നത് കാരണമാണ് റെയില്‍വെയുടെ നടപടി.

പല യാത്രക്കാരും കര്‍ട്ടനുകള്‍ ഭക്ഷണ ശേഷം കൈ തുടക്കാനും വിയര്‍പ്പ് ഒപ്പാനും ഷൂ പോളിഷ് ചെയ്യാനുമൊക്കെയാണ് ഉപയോഗിക്കുന്നതെന്നാണ് റെയില്‍വെ ജീവനക്കാരുടെ പരാതി. അത്കൊണ്ട് തന്നെ ഇവ വൃത്തിയായി സൂക്ഷിക്കുന്നത് ഭഗീരഥ പ്രയത്നമാണെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ മാസത്തില്‍ ഒരു തവണ വൃത്തിയാക്കുന്നുണ്ടെങ്കിലും കര്‍ട്ടനുകള്‍ ഓരോ ദിവസവും അഴുക്ക് പിടിക്കുകയാണ്. അത്കൊണ്ട് തന്നെ കര്‍ട്ടനുകള്‍ നീക്കം ചെയ്യാനാണ് റെയില്‍വെ പദ്ധതി ഇടുന്നതെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ സ്വകാര്യത മാനിക്കാനായി ഉപാധി മാര്‍ഗം റെയില്‍വെ മുന്നോട്ട് വെക്കും. കംപാര്‍ട്ടുമെന്റുകളില്‍ വെളിച്ചം പൂര്‍ണമായും അണയ്ക്കാനാവുന്ന സംവിധാനവും റെയില്‍വെ ആലോചിക്കുന്നതായാണ് വിവരം. ഈ മാസം അവസാനത്തോടെ ഇത് സംബന്ധിച്ച അന്തിമ തീരുമാനമാകുമെന്നും വിവരമുണ്ട്.

ട്രെയിനില്‍ നിന്ന് പല സാധനങ്ങളും മോഷണം പോകുന്നതും പതിവാണ്. ഇതിന്റെ കണക്കുകള്‍ ഈയടുത്താണ് റെയില്‍വെ പുറത്തുവിട്ടത്. ടോയ്‌ലറ്റ് കപ്പ് മുതല്‍ സീലിങ് ഫാന്‍ വരെയുളള സാധനങ്ങളാണ് ട്രെയിനുകളില്‍ നിന്ന് കളവ് പോകുന്നത്. പുതപ്പുകള്‍, തലയിണ, തലയിണയുടെ കവര്‍ എന്നിവയൊക്കെയാണ് ചില യാത്രക്കാര്‍ തങ്ങളുടെ ബാഗുകളിലാക്കി പോകുന്നത്.

2017-18 കാലയളവില്‍ കാണാതായ 2.97 കോടിയുടെ സാധനങ്ങള്‍ റെയില്‍വെ കണ്ടെത്തിയിരുന്നു. ഷവറുകള്‍, ജനാലയുടെ ഇരുമ്പഴി, റെയിൽവേ ട്രാക്കിന്റെ ഭാഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു മോഷണം പോയിരുന്നത്. വെസ്റ്റേണ്‍ റെയിൽവേയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1.95 ലക്ഷം ടവലുകളാണ് ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന് മാത്രം കാണാതായത്. കൂടാതെ 81,736 കിടക്കവിരികളും കാണാതായി. 55,573 തലയിണ കവറുകളും 5,038 തലയിണകളും, 7,043 പുതപ്പുകളും യാത്രക്കാര്‍ കൂടെ കൊണ്ടു പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook