ദില്ലി: ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരു യാത്രക്കാരന്‍ യാത്ര ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിഴ. സംഭവത്തില്‍ 75,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ദില്ലി ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടത്. ദില്ലി സ്വദേശി വി വിജയകുമാര്‍ നല്‍കിയ പരാതിയിലാണ് വിധി.

റിസര്‍വ് ചെയ്ത സീറ്റ് യാത്രക്കാരന് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് കാണിച്ച് പിഴ തുകയുടെ മൂന്നിലൊന്ന് ടിക്കറ്റ് ചെക്കറിന്റെ ശമ്പളത്തില്‍ നിന്ന് ഉപഭോക്താവിന് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് വീണ ബീര്‍ബല്‍ അധ്യക്ഷനായ സമിതിയാണ് വിധി പുറപ്പെടുവിച്ചത്.

2013 മാര്‍ച്ച് 30നാണ് വിധിക്കാസ്പദമായ സംഭവം നടക്കുന്നത്. ദക്ഷിണ എക്‌സ്പ്രസില്‍ വിശാഖപട്ടണത്തു നിന്നും ദില്ലിയിയിലേക്ക് വിജയ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മുട്ട് വേദനയെ തുടര്‍ന്ന് ലോവര്‍ ബെര്‍ത്തായിരുന്നു വിജയ് ബുക്ക് ചെയ്തത്. പക്ഷേ ട്രെയിനില്‍ കയറിയപ്പോള്‍ റിസര്‍വേഷന്‍ സീറ്റില്‍ മറ്റാരോ യാത്ര ചെയ്യുകയായിരുന്നു.

മധ്യപ്രദേശിലെ ബീനാ സ്റ്റേഷനിലെത്തിയപ്പോള്‍ വേറെയും യാത്രക്കാര്‍ സീറ്റുകള്‍ കൈയ്യടക്കി.പരാതി നല്‍കാന്‍ ടിക്കറ്റ് ചെക്കറെയും റെയില്‍വേ അധികാരികളെയും അന്വേഷിച്ചെങ്കിലും ആരെയും കണ്ടില്ല. ഇതേതുടര്‍ന്ന് വിജയകുമാര്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ