കൊച്ചി: മണ്ഡല-മകരവിളക്ക് കാലത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകർക്കായി ദക്ഷിണ റെയിൽവെയുടെ തിരുവനന്തപുരം ഡിവിഷന് കീഴിൽ വിപുലമായ സജ്ജീകരണങ്ങൾ. പ്രത്യേക ട്രെയിനുകൾക്ക് പുറമെ താമസത്തിനും സുരക്ഷയ്ക്കും ഉളള സൗകര്യങ്ങൾ ഒരുക്കിയതായി ദക്ഷിണ റെയിൽവെ വക്താവ് അറിയിച്ചു.

രാജ്യത്തെവിടെ നിന്നും ശബരിമല തീർത്ഥാടകർക്ക് റെയിൽവെ സഹായത്തിനായി 182 എന്ന നമ്പറിൽ വിളിക്കാം. ഈ സൗകര്യം മണ്ഡലകാലം തീരും വരെ തീർത്ഥാടകർക്ക് ലഭ്യമാകും. യാത്രക്കാരുടെ സൗകര്യത്തിനായി ചെങ്ങന്നൂർ, കോട്ടയം റെയിൽവെ സ്റ്റേഷനുകളിൽ ബുക്കിങ് കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതിന് പുറമെ തീർത്ഥാടകർക്കായി പമ്പയിൽ യാത്രക്കാർക്കായി ഒരു റിസർവേഷൻ കൗണ്ടറും തുറന്നിട്ടുണ്ട്. ഇതിന് പുറമെ കൊല്ലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു റിസർവേഷൻ കൗണ്ടർ അധികമായി പ്രവർത്തിക്കും.

ഈ ക്രമീകരണങ്ങൾക്കായി മറ്റ് റെയിൽവെ ഡിവിഷനുകളിൽ നിന്നും ജീവനക്കാരെ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ തിരുവനന്തപുരം റെയിൽവെ ഡിവിഷന് കീഴിൽ എത്തിച്ചിട്ടുണ്ട്. കോട്ടയത്ത് 500 തീർത്ഥാടകർക്കും ചെങ്ങന്നൂരിൽ 600 പേർക്കും വിശ്രമിക്കാനുളള സൗകര്യം ഒരുക്കി.

കെഎസ്ആർടിസി, ജില്ല കളക്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, പൊലീസ്, ആരോഗ്യ സേവനം എന്നിവരുടെ പ്രത്യേകം സഹായ കേന്ദ്രങ്ങൾ ചെങ്ങന്നൂരിലും കോട്ടയത്തും തുറക്കും. തീർത്ഥാടകർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നതിന് മറ്റ് സ്റ്റാളുകളും ആരംഭിച്ചിട്ടുണ്ട്.

Sabarimala Special Trains 2018-19: ശബരിമല തീർത്ഥാടനം; കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചു

തൃശൂർ, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ടാക്സി സർവ്വീസുകൾക്ക് മകരവിളക്ക് കാലത്ത് പ്രത്യേക സീസണൽ പെർമിറ്റ് അനുവദിച്ചു. തീർത്ഥാടകർക്ക് ആവശ്യത്തിന് വാഹനം ലഭിക്കാനാണ് ഈ നടപടിയെന്ന് റെയിൽവെ വക്താവ് വിശദീകരിച്ചു.

വിവിധ സുരക്ഷ വിഭാഗങ്ങൾ യാത്രക്കാരുടെയും തീർത്ഥാടകരുടെയും നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഉയർന്ന സുരക്ഷ സംവിധാനമാണ് പലയിടത്തും ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം ചെങ്ങന്നൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ പ്രത്യേക കൗണ്ടറുകൾ തുറന്ന് വിവിധ സേവനങ്ങൾ ഏകോപിപ്പിക്കും.

വിവിധ റെയിൽവെ സ്റ്റേഷനുകളിലായി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലെ 220 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലും കോട്ടയത്തും വിരമിച്ച പട്ടാളക്കാർക്ക് സുരക്ഷ ചുമതല നൽകും. ചെങ്ങന്നൂർ, കോട്ടയം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശ്ശൂർ, ഗുരുവായൂർ, തിരുവനന്തപുരം സെൻട്രൽ, കന്യാകുമാരി റെയിൽവെ സ്റ്റേഷനുകളിലാണ് വിരമിച്ച പട്ടാളക്കാരെ നിയമിക്കുന്നത്.

കോട്ടയത്തും ചെങ്ങന്നൂരും തീർത്ഥാടകർക്ക് സഹായ കേന്ദ്രങ്ങൾ തുറക്കും. ആർപിഎഫിന്റെ കർശന നിരീക്ഷണം ഇവിടെ 24 മണിക്കൂറും ഉണ്ടാകും. കുറ്റകൃത്യങ്ങൾ തടയാനായുളള പ്രത്യേക സംഘം ചെങ്ങന്നൂരിലാണ് നിലയുറപ്പിക്കുക. ലോക്കൽ പൊലീസും റെയിൽവെ പൊലീസും തമ്മിൽ യോജിച്ച് പ്രവർത്തിക്കും. ട്രെയിനുകളിൽ ആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook