ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായുള്ള 230 ട്രെയിനുകളില്‍ എല്ലാ ക്ലാസ്സുകളിലേക്കും ബുക്കിങ് ആരംഭിച്ചതായി ഇന്ത്യൻ റെയിൽവേ. ഓണ്‍ലൈനായോ റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ ഓണ്‍ലൈന്‍ ബുക്കിങിലൂടെ 13 ലക്ഷത്തിലധികം ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ജൂൺ ഒന്ന് മുതലാണ് ട്രെയിനുകൾ ഓടിത്തുടങ്ങുക. ഈ ട്രെയിനുകളിൽ എസി 1, എസി 2, എസി 3, സ്ലീപ്പർ കോച്ചുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം കോച്ചുകളും ജനറൽ ബോഗികളുമുണ്ട്.

Read More: ജൂൺ ഒന്നു മുതൽ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരേക്കും ജനശതാബ്‌ദി: അറിയേണ്ടതെല്ലാം

ജനറൽ ബോഗികളും റിസർവേഷൻ കോച്ചുകളാക്കും. അതിനാൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ ജനറൽ കംപാർട്ട്മെന്റിലും യാത്ര സാധ്യമാകൂ. സുരക്ഷാമാനദണ്ഡങ്ങളും സീറ്റീൽ യാത്രികർ തമ്മിൽ കൃത്യമായ അകലം പാലിച്ചുകൊണ്ടും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്ന് നേരത്തെ റെയില്‍വേ അറിയിച്ചിരുന്നു.

ലോക്ക്ഡൗണിനെത്തുടർന്ന് നിർത്തിവച്ച ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായാണ് റെയിൽവെ ആരംഭിക്കുക. മേയ് 12ന് തുടങ്ങിയ ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തേക്കടക്കം ഇരു ദിശകളിലേക്കായി 15 ജോഡി അഥവാ 30 ട്രെയിനുകളാണ് ഓടിയത്.

ന്യൂഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിനുകളായായിരുന്നു സർവീസുകൾ. തിരുവനന്തപുരം, ബംഗലൂരു, ദിബ്രുഗഡ്, പട്ന, ജമ്മുതാവി, ബിലാസ്പൂർ, റാഞ്ചി, ഭുബനേശ്വർ, സികന്ദ്രാബാദ്, മഡ്ഗാവ്, അഹമ്മദാബാദ്, മുംബൈ സെൻട്രൽ, ചെന്നൈ, ഹൌറ, അഗർത്തല എന്നിവിടങ്ങളിലേക്കാണ് ട്രെയിൻ സർവീസുകൾ ആദ്യ ഘട്ടത്തിൽ ആരംഭിച്ചത്. ന്യൂഡൽഹിക്ക് പുറമേ കേരളത്തിലേക്ക് കൂടുതൽ നഗരങ്ങളിൽ നിന്ന് ട്രെയിനുകൾ വേണണെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook