ന്യൂഡൽഹി: ട്രെയിൻ യാത്രക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ക്വാറന്റൈൻ ചട്ടം പാലിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പുതിയ നടപടിയുമായി റെയിൽവേ. ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ക്വാറന്റൈൻ പ്രോട്ടോക്കോൾ അംഗീകരിക്കണമെന്ന സന്ദേശം നൽകുന്ന പുതിയ ഫീച്ചർ റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ്ങ് സേവനങ്ങൾ ലഭിക്കുന്ന ഐആർസിടിസി വെബ്സൈറ്റിൽ ഉൾപ്പെടുത്തി. വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നാട്ടിലെത്തിയാൽ അതത് സംസ്ഥാനങ്ങളിലെ സർക്കാരുകൾ നിർദേശിക്കുന്ന തരത്തിൽ ക്വാറന്റൈൻ ചട്ടങ്ങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഒരു സന്ദേശം തെളിയും. ഈ സന്ദേശം വായിച്ച് അംഗീകരിച്ച ശേഷം മാത്രമാണ് ബുക്കിങ്ങ് പൂർത്തിയാക്കാനാവുക.
Read More | പണം നൽകിയുള്ള ക്വാറന്റൈൻ: ഹോട്ടലുകളുടെ നിരക്കും സൗകര്യങ്ങളും ഇങ്ങനെ, പൂര്‍ണ്ണ പട്ടിക കാണാം
രാജധാനി എക്സ്പ്രസ് പോലുള്ള സ്പെഷ്യൽ ട്രെയിനുകളിലും മറ്റു ട്രെയിനുകളിലും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ പ്രക്രിയ പൂർത്തിയാക്കണം. യാത്രക്കാർ എത്തിച്ചേരുന്ന സംസ്ഥാനത്തെ ക്വാറന്റൈൻ ചട്ടങ്ങളെക്കുറിച്ച് അവർക്ക് അറിയാമോ എന്ന് ഉറപ്പിക്കാനും അക്കാര്യം മനസ്സിലാക്കാൻ സഹായിക്കുന്നതിനുമാണ് ഐആർസിടിസി വെബ്സൈറ്റിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതാനും ദിവസം മുൻപ് ഡൽഹിയിൽ നിന്ന് ബംഗലൂരുവിലെത്തിയ ട്രെയിനിലെ യാത്രക്കാർ നാട്ടിലെ ക്വാറന്റൈൻ നിബന്ധന അംഗീകരിക്കാൻ വിസമ്മതിക്കുകയും അവരെ തിരിച്ചയക്കുകയും ചെയ്തിരുന്നു. 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ കഴിയാൻ ഇവർ വിസമ്മതിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് ക്വാറന്റൈൻ നിർദേശങ്ങൾ യാത്രക്കാർ പാലിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഫീച്ചർ ഐആർസിടിസി വെബ്സൈറ്റിൽ ഉൾപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചത്. ക്വാറന്റൈൻ ചട്ടങ്ങൾ അംഗീകരിക്കാനാവശ്യപ്പെട്ടുള്ള സന്ദേശം ഇംഗ്ലിഷിനു പുറമേ ഹിന്ദിയിലും ലഭ്യമാവും. ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും ഐആർസിടിസി വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യപ്പെടും.
മേയ് 14 ന് രാജധാനി എക്സ്പ്രസിൽ ബംഗലൂരുവിലെത്തിയ 543 യാത്രക്കാരിൽ 140 പേരായിരുന്നു ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പോവാൻ വിസമ്മതിച്ചത്. റെയിൽവേ സ്റ്റേഷന്റെ സമീപത്തെ ഹോട്ടലുകളായിരുന്നു ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നത്. ഈ കേന്ദ്രങ്ങളിൽ വാടക നൽകി താമസിക്കാനാണ് കർണാടക സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് യാത്രക്കാർ വിസമ്മതിക്കുകയും അവരെ റെയിൽവേ സ്റ്റേഷന് പുറത്തിറക്കാൻ സാധ്യമല്ലെന്ന് കർണാടക സർക്കാർ അറിയിക്കുകയുമായിരുന്നു.
Read More | കോടതികൾ തിങ്കളാഴ്ച തുറക്കും; നിയന്ത്രണങ്ങൾ പാലിക്കണം: വിശദാംശങ്ങൾ അറിയാം
ഈ യാത്രക്കാരുടെ ബാധ്യത പിന്നീട് റെയിൽവേക്കായി മാറിയെന്നും ഈ സാഹചര്യത്തിലാണ് യാത്രക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പോവും എന്ന് ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനം ആരംഭിച്ചതെന്നും റെയിൽവയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗലൂരുവിൽ നിന്ന് യാത്രക്കാരെ പിന്നീട് രാജധാനി എക്സ്പ്രസിൽ അധിക കോച്ച് സ്ഥാപിച്ച് ഡൽഹിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായാണ് പുതിയ നടപടിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ റെയിൽവേ തീരുമാനിച്ചത്. രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു അത്. ഡൽഹിയുമായിൽ നിന്ന് തിരുവനന്തപുരം അടക്കം രാജ്യത്തെ 15 നഗരങ്ങളിലേക്കാണ് ട്രെയിൻ സർവീസ്.