സമസ്തിപുര്‍: വിന്റേജ് ആവി എന്‍ജിന്‍ ‘ആക്രി’യാക്കി മാറ്റി വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബിഹാറില്‍ റെയില്‍വേ എന്‍ജിനീയര്‍ക്കെതിരെ കേസ്. ഇയാളെ സര്‍വിസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു.
പൂര്‍വ മധ്യ റെയില്‍വേയുടെ കീഴിലുള്ള പൂര്‍ണിയ സ്‌റ്റേഷനിലാണു സംഭവം. എന്‍ജിനീയര്‍ രാജീവ് രഞ്ജന്‍ ഝാ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൂര്‍ണിയ ജില്ലയിലെ ബന്‍മാന്‍ഖിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സമസ്തിപുര്‍ ഡിആര്‍എം അലോക് അഗര്‍വാള്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്കു കാണാനായി പൂര്‍ണിയയില്‍ സ്ഥാപിച്ച മീറ്റര്‍ ഗേജ് എന്‍ജിന്‍ സഹായിയെ ഉപയോഗിച്ച് ഗ്യാസ് കട്ടര്‍ കൊണ്ട് അറുത്തുമാറ്റാനായിരുന്നു എന്‍ജിനീയറുടെ ശ്രമം. സഹായി സുശീല്‍ യാദവാണ് ഗ്യാസ് കട്ടര്‍ കൈകാര്യം ചെയ്തിരുന്നത്. ഇരുവരും ഒളിവിലാണ്.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ഔട്ട്‌പോസ്റ്റിലെ സബ് ഇന്‍സ്പെക്ടര്‍ എംഎം റഹ്‌മാനെ തെറ്റിദ്ധരിപ്പിച്ചാണു ഝാ എന്‍ജിനില്‍നിന്നുള്ള വസ്തുക്കള്‍ കടത്തിയത്. സംഭവം അന്വേഷിക്കാനെത്തിയ എസ്‌ഐക്ക്, എന്‍ജിനിലെ ആക്രിവസ്തുക്കള്‍ സമീപത്തെ ഡീസല്‍ ലോക്കോമോട്ടീവ് ഷെഡിലേക്കു മാറ്റാന്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഉത്തരവിട്ടതായി അവകാശപ്പെടുന്ന കത്ത് ഝാ കാണിക്കുകയായിരുന്നു. പിക്ക് അപ്പ് വാനില്‍ ആക്രിവസ്തുക്കളുമായി സ്ഥലം വിടുന്നതിന് മുമ്പ് ഝാ, ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയറുടെ നിര്‍ദേശം സ്ഥിരീകരിച്ച് എസ്‌ഐയ്ക്ക് മെമ്മോയും എഴുതി നല്‍കി.
Also Read: രാഷ്ട്രപതി ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ചു; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം
എന്നാല്‍ ആക്രിവസ്തുക്കള്‍ ഡീസല്‍ ഷെഡില്‍ എത്തിയിട്ടില്ലെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥ സംഗീത പിറ്റേദിവസം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണു തട്ടിപ്പ് വെളിച്ചത്തായത്. ആക്രി കൊണ്ടുപോകുന്നതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഝാ കാണിച്ച കത്ത് വ്യാജമാണെന്നും തുടരന്വേഷണത്തില്‍ കണ്ടെത്തി.
സംഭവത്തില്‍ അലംഭാവം കാണിച്ചതിനു ഡീസല്‍ ഷെഡിലെ ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര ദ്വിവേദിയെയും സ്‌പെന്‍ഡ് ചെയ്തു.