ന്യൂഡൽഹി: മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള ‘സ്പെഷൽ ട്രെയിൻ’ ടാഗ് നിർത്തലാക്കാനും ടിക്കറ്റ് നിരക്ക് അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുൻപുള്ള നിലയിലാക്കാനും റെയിൽവേ ഉത്തരവ് പുറപ്പെടുവിച്ചു. നിരക്ക് വർദ്ധനയിൽ യാത്രക്കാരുടെ സമ്മർദ്ദത്തെത്തുടർന്നാണ് റെയിൽവേയുടെ തീരുമാനം.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിൽ ഇളവ് വന്നതിന് ശേഷം റെയിൽവേ സ്പെഷൽ ട്രെയിനുകൾ മാത്രമാണ് ഓടിക്കുന്നത്. ഇത് ദീർഘദൂര ട്രെയിനുകളിലാണ് ആദ്യം ആരംഭിച്ചത്. പിന്നീട് ഹ്രസ്വദൂര പാസഞ്ചർ സർവീസുകൾ പോലും ഇത്തരത്തിൽ ഓടിക്കാൻ തുടങ്ങി. ആളുകൾ അമിതമായി യാത്ര ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണ് ” “അല്പം കൂടിയ നിരക്കുകൾ” എന്ന് റെയിൽവേയുടെ പക്ഷത്തുന്നിന്ന് ഇതിന് വിശദീകരണവുമുണ്ടായയിരുന്നു.
സ്പെഷ്യൽ ട്രെയിനുകൾ എന്ന പേര് ഒഴിവാക്കി നിരക്ക് പഴയപടിയാക്കണമെന്ന് വെള്ളിയാഴ്ച സോണൽ റെയിൽവേയ്ക്ക് അയച്ച കത്തിൽ റെയിൽവേ ബോർഡ് പറഞ്ഞു. ട്രെയിനുകൾ ഇപ്പോൾ അവയുടെ പതിവ് നമ്പറുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുമെന്നും നിരക്കുകൾ കോവിഡിന് മുമ്പുള്ള സാധാരണ നിരക്കിലേക്ക് മാറുമെന്നും കത്തിൽ അറിയിച്ചു.
Also Read: അധ്യാപകര്ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാം; ഡ്രെസ് കോഡ് നിയമം ഇല്ലെന്ന് സര്ക്കാര്
സ്പെഷ്യൽ ട്രെയിനുകളുടെയും അവധിക്കാല സ്പെഷ്യൽ ട്രെയിനുകളുടെയും ടിക്കറ്റ് നിരക്ക് നേരിയ തോതിൽ കൂടുതലാണ്.
“കോവിഡ്-19 കണക്കിലെടുത്ത്, എല്ലാ സാധാരണ മെയിൽ/എക്സ്പ്രസ് ട്രെയിനുകളും എംഎസ്പിസി (മെയിൽ/എക്സ്പ്രസ് സ്പെഷ്യൽ), എച്ച്എസ്പി (അവധിക്കാല സ്പെഷ്യൽ) എന്നിങ്ങനെയാണ് സർവീസ് നടത്തുന്നത്. വർക്കിംഗ് ടൈംടേബിൾ, 2021-ൽ ഉൾപ്പെടുത്തിയിട്ടുള്ള എംഎസ്പിസി, എച്ച്എസ്പി ട്രെയിൻ സർവീസുകൾ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സാധാരണ നമ്പറുകളോടെയും ബന്ധപ്പെട്ട യാത്രാ ക്ലാസുകൾക്കും ട്രെയിനുകളുടെ തരത്തിനും ബാധകമായ നിരക്കുകളോടെയും പ്രവർത്തിപ്പിക്കണമെന്ന് ഇപ്പോൾ തീരുമാനിച്ചു,” കത്തിൽ പറയുന്നു.
“ഇത് റെയിൽവേ ബോർഡിന്റെ പാസഞ്ചർ മാർക്കറ്റിംഗ് ഡയറക്ടറേറ്റിന്റെ സമ്മതത്തോടെയാണ് പുറപ്പെടുവിക്കുന്നത്,” നവംബർ 12 ലെ ഉത്തരവിൽ പറയുന്നു.
എന്നിരുന്നാലും, സോണൽ റെയിൽവേ എപ്പോഴാണ് കോവിഡിന് മുമ്പുള്ള പതിവ് നിരക്കിൽ തങ്ങളുടെ സേവനങ്ങൾ പുനഃസ്ഥാപിക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
“സോണൽ റെയിൽവേയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുമ്പോൾ, നടപടിക്രമങ്ങൾ ഒന്നോ രണ്ടോ ദിവസമെടുക്കും, ”ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.