ന്യൂഡൽഹി: റെയിൽവേ മേഖലയ്ക്കായി ബജറ്റില്‍ 1.58 ലക്ഷം കോടി നീക്കിവച്ചു. ബജറ്റ് പ്രസംഗത്തിനിടെ ഇന്ത്യൻ റെയിൽവേയെ പ്രകീർത്തിച്ച ധനസഹമന്ത്രി പീയുഷ് ഗോയൽ രാജ്യത്ത് ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയിൽ ക്രോസുകൾ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്നും പറഞ്ഞു.
പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച എൻജിൻ രഹിത അതിവേഗ ടെയിൻ വന്ദേഭാരത് എക്സ്പ്രസ് വേഗതയിലും സർവീസിലും സുരക്ഷയിലും മറ്റു ട്രെയിനുകളിൽ മുന്നിട്ടുനിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ സാങ്കേതികവിദ്യയിൽ ഇതൊരു കുതിച്ചു ചാട്ടമാണ്. മേക്ക് ഇൻ ഇന്ത്യയെ ഇത് പ്രോത്സാഹിപ്പിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 1.48 ലക്ഷം കോടിയായിരുന്നു റെയിൽവേയ്ക്കായി അനുവദിച്ചത്. എന്നാൽ ഇത്തവണത്തെ ബജറ്റിൽ ഇത് 8 ശതമാനം ഉയർത്തി 1.58 ലക്ഷമാക്കി.
റെയില്‍വെ സ്‌റ്റേഷനുകളെ വിമാനത്താവളത്തിന്റെ ശൈലിയില്‍ നവീകരിക്കും. ഇതിനായുള്ള നടപടികള്‍ ഐആര്‍സിടിസി ആരംഭിച്ചു. മധ്യപ്രദേശിലെ ഹബിബ്ഗഞ്ചും ഗുജറാത്തിലെ ഗാന്ധി നഗര്‍ സ്റ്റേഷനുമാകും ആദ്യം ഈ നിലവാരത്തിലേക്ക് ഉയരുക.