ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ രാഹുല്‍ ഗാന്ധി പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വയനാട്ടിലെത്തില്ല. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ രണ്ട് പൊതുപരിപാടികള്‍ എംപിയായ രാഹുല്‍ പങ്കെടുക്കുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തിരക്ക് മൂലം എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ജോര്‍ജ് എം.തോമസ് എംഎല്‍എയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
അഗസത്യന്‍മുഴി-കുന്ദമംഗലം റോഡ് നവീകരണം പ്രവൃത്തി ഉദ്ഘാടനത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാണെന്ന തരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധി പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. മാത്രമല്ല, സ്ഥിരീകരണമില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡില്‍ രാഹുല്‍ ഗാന്ധിയെ മുഖ്യാതിഥിയായി ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു.
Read Also: ഉദ്ഘാടകന്‍ മന്ത്രി ജി.സുധാകരന്‍; മുഖ്യാതിഥി വയനാട് എംപി രാഹുല്‍ ഗാന്ധി
പരിപാടിയുടെ ഫ്‌ളക്‌സ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു. വയനാട് എംപിയായ ശേഷം നന്ദി പ്രകാശനത്തിനായി രാഹുല്‍ കേരളത്തിലെത്തിയിരുന്നു. ജൂലായ് 13 ന് നടക്കുന്ന അഗസ്ത്യന്‍മുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയിൽ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാണ് എന്ന തരത്തിലുള്ള ഫ്ളക്സ് ബോർഡാണ് നേരത്തെ പ്രചരിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ജോര്‍ജ് എം തോമസ് എംഎല്‍എയാണ് അധ്യക്ഷന്‍. പി.ടി.എ റഹിം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം അടക്കമുള്ള ഫ്ളക്സ് ബോർഡാണ് ഇത്.
17-ാം ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ആദ്യമായി ഉന്നയിച്ച വിഷയം കേരളത്തിലെ കര്‍ഷക ആത്മഹത്യകളെ കുറിച്ചാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുള്ളതായിരുന്നു രാഹുല്‍ നടത്തിയ പ്രസംഗം. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി യാതൊന്നും ചെയ്യുന്നില്ലെന്ന് രാഹുൽ പറഞ്ഞു. കേരളത്തിലെ കർഷക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ സംസാരിച്ചത്. എന്നാൽ, കർഷക ആത്മഹത്യകളും പ്രശ്നങ്ങളും ഇപ്പോൾ ഉണ്ടായതല്ല എന്നും മുൻ കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് ഇതിലും ദയനീയമായിരുന്നു എന്നും കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് രാഹുലിന് മറുപടി നൽകി.
ജൂൺ ഏഴ്, എട്ട് തീയതികളിലാണ് രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാനായി കേരളത്തിലെത്തിയത്. ലോക്സഭാ മണ്ഡലത്തിലെ നിയോജ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധി റോഡ് ഷോ അടക്കം നടത്തി. വോട്ടർമാരെ കണ്ട് നിവേദനം വാങ്ങുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.
വയനാട്ടിലെ ഓരോ വ്യക്തിക്ക് വേണ്ടിയും തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല, കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലയില്‍ കേരളത്തിലെ പ്രശ്‌നങ്ങളും ലോക്‌സഭയില്‍ ഉന്നയിക്കാന്‍ താന്‍ ഉത്തരവാദിത്തപ്പെട്ടവനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രണ്ട് സീറ്റുകളിലാണ് രാഹുൽ ഗാന്ധി ഇത്തവണ ജനവിധി തേടിയത്. അതിൽ പരമ്പരാഗത കോൺഗ്രസ് മണ്ഡലമായ അമേഠിയിൽ സിറ്റിങ് എംപിയായ രാഹുൽ പരാജയപ്പെട്ടു. കേരളത്തിലെ വയനാട് മണ്ഡലം രാഹുലിനെ കാത്തു. മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് മുൻ അധ്യക്ഷനായ രാഹുൽ വയനാട്ടിൽ നിന്ന് വിജയിച്ചത്.