നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ യുപിഎ അധ്യക്ഷ സോണ്യ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കെടുക്കും. മേയ് 30 രാത്രി 7 മണിക്ക് ആരംഭിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് വേദിയാകുന്നത് രാഷ്ട്രപതി ഭവനാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുക്കുന്നതോടെ വീണ്ടും മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീരും. പ്രധാനമന്ത്രിക്കൊപ്പം തന്നെ മറ്റ് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്.

Also Read: Narendra Modi swearing-in ceremony: അതിഥികൾ മുതൽ അത്താഴം വരെ; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

സോണിയയുടെയും രാഹുലും പങ്കെടുക്കുന്നത് സത്യപ്രതിജ്ഞ ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലിറങ്ങിയ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.

ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 350 സീറ്റുകള്‍ വിജയിച്ച എന്‍ഡിഎ മുന്നണിയില്‍ 303 സീറ്റുകളുമായി ബിജെപി ശക്തി തെളിയിച്ചു. കഴിഞ്ഞ ലോക്‌സഭയില്‍ 282 സീറ്റുകളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.

വിവിധ രാഷ്ട്ര തലവന്മാരും സെലിബ്രറ്റികളും ചടങ്ങിനെ സാക്ഷ്യം വഹിക്കാൻ രാഷ്ട്രപതി ഭവനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം BIMSTEC (ബേ ഓപ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്ക. ആൻഡ് ഇക്കോണമിക് കോ-ഓപ്പറേഷൻ) രാഷ്ട്രങ്ങളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, മ്യാന്മർ, ശ്രീലങ്ക, തായ്‌ലാൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയുടെ ഭാഗമായിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രതലവന്മാർ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇത്തവണയും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ജെഡിഎസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ, തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ആന്ധപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി എന്നിവർക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഒപ്പം ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook