ഡെഹ്‌റാഡൂണ്‍: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ പക്വതയുടെ അടയാളങ്ങള്‍ കണ്ടു തുടങ്ങിയെന്ന് ബിജെപി എംപി സരോജ് പാണ്ഡെ. രാഹുലിനെ വിഡ്ഢി എന്ന് നേരത്തെ അധിക്ഷേപിച്ചിരുന്നു സരോജ് പാണ്ഡെ. ചത്തീസ്ഗഢില്‍ നിന്നുമുള്ള എംപിയായ സരോജ് പാണ്ഡെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.

”അദ്ദേഹം പക്വത കാണിച്ചു തുടങ്ങിയിട്ടുണ്ട്. നേരത്തെ വ്യാപം അഴിമതി ബിജെപിക്കെതിരെയുള്ള തന്ത്രമായി കോണ്‍ഗ്രസ് ഉപയോഗിച്ച് നാം കണ്ടതാണ്. പക്ഷെ അത് വിജയിച്ചില്ല. ബിജെപി അഴിമതി നടത്തിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷം ആയുധമാക്കുന്നത് റാഫേല്‍ വിഷയമാണ്” സരോജ് പാണ്ഡെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമായിരുന്നു സരോജ് രാഹുലിനെ വിഡ്ഢിയെന്ന് വിളിച്ചത്. 40 വയസിന് ശേഷം പഠിക്കുന്നയാളെ ബുദ്ധിമാന്‍ എന്ന് വിളിക്കാനാകില്ലെന്നും അത്തരക്കാരെ വിഡ്ഢിയെന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു സരോജ് പറഞ്ഞത്.

ശനിയാഴ്ച്ച ബിജെപിക്ക് എതിരെ കൊല്‍ക്കത്തയില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചപ്പോള്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ കൊണ്ടു നടക്കുന്നവര്‍ ഒരുമിച്ചത് ആശ്ചര്യപ്പെടുത്തുന്നു എന്ന് പാണ്ഡെ പറഞ്ഞിരുന്നു. ഒരാളെ കീഴ്‌പ്പെടുത്താന്‍ ഇത്രയും പേര്‍ ഒരുമിക്കുന്നു എന്ന് പറയുമ്പോള്‍ അത് ബിജെപിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നുവെന്നും സരോജ് പാണ്ഡെ പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook