ന്യൂഡല്‍ഹി: പുൽവാമ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. പ്രധാനമന്ത്രി ‘പ്രൈം ടൈം മിനിസ്റ്റര്‍’ ആണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഭീകരാക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ പ്രധാനമന്ത്രി ‘ക്യാമറകള്‍ നോക്കി ചിരിക്കുകയായിരുന്നു’ എന്ന് രാഹുല്‍ വിമര്‍ശിച്ചു. ’40 ജവാന്മാര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തു വന്ന് മൂന്ന് മണിക്കൂറിന് ശേഷവും പ്രധാനമന്ത്രി ഷൂട്ടിങ് തുടര്‍ന്നു’ എന്ന് രാഹുല്‍ വ്യക്തമാക്കി.

പരസ്യ ചിത്രീകരണത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് കൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. ചിത്രത്തിന് കീഴെ പലരും പരിഹാസങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 40 ജവാന്മാരുടെ വീരമൃത്യുവിൽ രാജ്യം കരഞ്ഞ മണിക്കൂറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിം കോർബെറ്റിലെ ദേശീയ പാർക്കിൽ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തേ പറഞ്ഞിരുന്നു. അവിടെ വീഡിയോയുടെ ഷൂട്ടിംഗിലായിരുന്നു മോദി. 6:30 വരെ ഷൂട്ടിങ് തുടർന്നു. 6:45ന് ചായയും ലഘുഭക്ഷണവും കഴിച്ചു.

അപ്പോഴേക്കും പുല്‍വാമയില്‍‌ ഭീകരാക്രമണം നടന്ന് 4 മണിക്കൂര്‍ പിന്നിട്ടു. മോദിയുടെ നടപടി എത്ര ഭയാനകമാണ്. സ്വന്തം ബ്രാന്‍റിംഗിലാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി.

പുൽവാമ ഭീകരാക്രമണത്തിൽ സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും വീഴ്ച്ച അക്കമിട്ട് വിമർശിക്കുകയാണ് കോണ്‍ഗ്രസ്. കശ്മീരിലെ ആക്രമണം അറിഞ്ഞിട്ടും മോദി നാല് മണിക്കൂര്‍ ചിത്രീകരണം തുടര്‍ന്നുവെന്ന് പറഞ്ഞ കോൺഗ്രസ്, ചിത്രീകരണത്തിന്റെ ഫോട്ടോയും പുറത്തുവിട്ടു.

മലയാളി സെെനികന്റെ മൃതദേഹത്തിനരികെ നിന്ന് ഫോട്ടോ എടുത്ത കണ്ണന്താനത്തിനെതിരേയും കോണ്‍ഗ്രസ് രംഗത്ത് വന്നു. വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹത്തിന് മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത ബി.ജെ.പി മന്ത്രി, സെെന്യത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് സുർജേവാല കുറ്റപ്പെടുത്തി. ഇതിനു പുറമെ, പ്രധാനമന്ത്രിയും സെെനികരുടെ മൃതദേഹത്തെ അവഹേളിച്ചു. ഡല്‍ഹിയില്‍ മൃതദേഹം എത്തിച്ചപ്പോള്‍ പ്രധാനമന്ത്രി എത്തിയത് ഒരു മണിക്കൂര്‍ വൈകിയാണ്. ഇത് ദൗർഭാഗ്യകരമായിപ്പോയെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook