ന്യൂഡൽഹി: വിസ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അമേരിക്കയുടെ തീരുമാനം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുളള ബന്ധത്തെ കളിയാക്കിക്കൊണ്ടാണ് വിഷയത്തിൽ അതിരൂക്ഷമായ പരിഹാസം രാഹുൽ ഗാന്ധി തൊടുത്തത്. “കെട്ടിപ്പിടിച്ചാൽ വാങ്ങാൻ പറ്റുന്ന സാധനങ്ങൾ ഉണ്ട്. വീസയുടെ കാര്യത്തിൽ വേറെ വഴി നോക്കണം,” രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിദേശ നയത്തിനെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ വിമർശിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയ്യിദിനെ പാക്കിസ്ഥാൻ സ്വതന്ത്രനാക്കിയപ്പോഴും ഇന്ത്യൻ പ്രധാനമന്ത്രിയുടെ “കെട്ടിപ്പിടിനയതന്ത്ര”ത്തെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.

ഒബാമയുടെ വിദേശ നയത്തെ പൊളിച്ചടുക്കിയാണ് ട്രംപ് ഭരണകൂടം മുന്നോട്ട് പോകുന്നത്. എച്ച്1ബി വീസ ഉടമകൾക്കാണ് പുതിയ ട്രംപ് സർക്കാർ തീരുമാനം തിരിച്ചടിയായത്. എച്ച് 1 ബി വീസ ഉടമകളുടെ ആശ്രിതർക്ക് അനുവദിക്കുന്ന എച്ച്4ബി വിസ ചട്ടത്തിലാണ് മാറ്റം വരുത്തിയത്. പുതിയ തീരുമാനത്തോടെ എച്ച്4ബി വീസ ഉടമസ്ഥർക്ക് അമേരിക്കയിൽ തൊഴിൽ ചെയ്യാനാവില്ല.

കുടിയേറ്റ നയ ഗവേഷണ സ്ഥാപനം അമേരിക്കയിൽ നടത്തിയ പഠനത്തിൽ എച്ച് 4 ബി വീസ ഉടമസ്ഥരിൽ 94 ശതമാനം പേരും ഇന്ത്യാക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരിൽ 93 ശതമാനം പേരും സ്ത്രീകളാണെന്നും കണ്ടെത്തി. ഇന്ത്യ കഴിഞ്ഞാൽ നാല് ശതമാനം പേർ ചൈനയിൽ നിന്നുളള എച്ച് 4 ബി വീസ ഉടമകളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ