റായ്പൂര്‍: ചത്തീസ്ഗഢില്‍ നടന്ന ബിജെപി റാലിക്കിടെ കോണ്‍ഗ്രസിനെതിരേയും പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും വിവാദ പ്രസ്താവന നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ഇറ്റലിയുടെ വ്യാപാരി’ (ഇറ്റലി കാ സൗദാഗര്‍) എന്നാണ് ആദിത്യനാഥ് രാഹുലിനെ വിളിച്ചത്. ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഇറ്റലിയില്‍ നിന്നുളള ഏജന്റുമാരെത്തി മതംമാറ്റുന്നത് അടക്കമുളള ദേശദ്രോഹ പ്രവര്‍ത്തികളും ചെയ്തതായി ആരോപിച്ചു.

നേരത്തേ മോദിയെ ‘മരണത്തിന്റെ വ്യാപാരി’ എന്ന് കോണ്‍ഗ്രസിന്റെ മുന്‍ അദ്ധ്യക്ഷയും രാഹുലിന്റെ മാതാവുമായ സോണിയാ ഗാന്ധി വിളിച്ചിരുന്നു. 63 പേരോളം കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോണിയ മോദിക്കെതിരെ രംഗത്ത് വന്നിരുന്നത്.

പ്രകോപനപരമായ പ്രസംഗമാണ് ചത്തീസ്ഗഢില്‍ ആദിത്യനാഥ് നടത്തിയത്. ദര്‍ഗ് ജില്ലയിലെ ബിജെപി റാലിയിലാണ് അദ്ദേഹം സംസാരിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതില്‍ ‘വലിയ തടസ്സം’ കോണ്‍ഗ്രസാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. നവംബര്‍ 20ന് രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹം ചത്തീസ്ഗഢില്‍ പ്രചരണത്തിന് എത്തിയത്. നക്സലുകളെ വിപ്ലവകാരികളായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസാണ് രാമക്ഷേത്രം പണിയുന്നതിലെ വലിയ തടസ്സമായി നില്‍ക്കുന്നത്. കോണ്‍ഗ്രസ് ഉളളടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടുകയില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ക്ഷേത്ര ദര്‍ശനമൊക്കെ കപടനാട്യമാണ്,’ ആദിത്യനാഥ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook