ന്യൂഡൽഹി: പരിഹാസച്ചിരിയോടെ പ്രധാനമന്ത്രി ഇരിക്കുമ്പോഴും മുന്‍പെങ്ങും കാണാത്ത വിധത്തിലുള്ള ഉറച്ച ശബ്ദത്തോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിച്ചത്. രാഹുലിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരിശോധിക്കാം.

1. അവിശ്വാസ പ്രമേയം കൊണ്ടുവന്ന ടിഡിപി എംപി ജയദേവ് ഗല്ലയോട്: “നിങ്ങള്‍ ജൂംല സ്ട്രൈക്കിന്റെ (പാഴ്‍വാഗ്‌ദാനങ്ങള്‍) ഇരയാണ്. നിങ്ങള്‍ മാത്രമല്ല, രാജ്യത്തെ യുവാക്കള്‍ മുഴുവനും ഇരകളാണ്. ജൂംല സ്‌ട്രൈക്കിന് മൂന്നു തലങ്ങളുണ്ട്. 1. അമിതാവേശത്തിന്റേത്. 2. ഞെട്ടല്‍. 3. എട്ട് മണിക്കൂര്‍ നീളുന്ന പ്രസംഗങ്ങള്‍”

2. “പ്രധാനമന്ത്രിയുടെ ജിഎസ്ടി പ്രസംഗം കേട്ടത് കോട്ടും സൂട്ടുമിട്ട ഇരുപതോളം വരുന്ന വ്യവസായികളാണ്. ചെറുകിട വ്യാപാരികള്‍ കൊള്ളയടിക്കപ്പെടുകയായിരുന്നു”

3. “രാജ്യത്തിന്റെ കാവലാളാണ് താനെന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. എന്നിട്ട് എന്തുകൊണ്ടാണ് അമിത് ഷായുടെ മകന്റെ അഴിമതിയെ കുറിച്ച് വാ പൊത്തി നിന്നത്”

4. “റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി മൗനിയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട കരാറിന് പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശിച്ച ശേഷം എന്ത് സംഭവിച്ചെന്ന് ആര്‍ക്കും അറിയില്ല”

5. “പ്രതിരോധമന്ത്രി റാഫേല്‍ ഇടപാട് വിവരങ്ങള്‍ സ്വകാര്യത സംബന്ധിച്ച നിബന്ധന കാരണം പുറത്തുവിടില്ല എന്നാണ് പറഞ്ഞത്. ഫ്രാന്‍സ് പ്രസിഡന്റിനെ ഞാന്‍ കണ്ടിരുന്നു. അങ്ങനെ ഒരു നിബന്ധന ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രിയുടെ നിര്‍ബന്ധം കാരണം നിര്‍മല സീതാരാമന്‍ രാജ്യത്തോട് കള്ളം പറയുകയായിരുന്നു”

6. “രാജ്യത്തിന്റെ ചൗക്കിധാര്‍ (കാവലാള്‍) ആണ് താനെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ അദ്ദേഹം ചൗക്കിധാര്‍ അല്ല, ഭാഗിദാര്‍ (ആദായം പറ്റുന്നയാള്‍) ആണ്. അമിത് ഷായുടെ മകന്‍ കൊള്ളലാഭം കൊയ്തപ്പോള്‍ മോദി മിണ്ടാതിരുന്നു”

7. ”അദ്ദേഹം ചിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മുഖത്ത് പരിഭ്രമം കാണാം. അദ്ദേഹം എന്നെ നോക്കുന്നില്ല. എന്റെ കണ്ണിലേക്ക് അദ്ദേഹത്തിന് നോക്കാനാവില്ല. കാരണം പ്രധാനമന്ത്രി സത്യസന്ധനല്ല”

8. “എത്ര തുകയാണ് പ്രധാനമന്ത്രിയെ വിപണനം ചെയ്യാനും പരസ്യം ചെയ്യാനുമായി ചെലവഴിക്കുന്നതെന്ന് എല്ലാവരും കാണുന്നുണ്ട്”

9. “ദോക്‌ലാം വിഷയത്തില്‍ ചൈനയുമായുളള ഇടപാടില്‍ സ്വന്തം പട്ടാളക്കാരെയാണ് മോദി വഞ്ചിച്ചത്”

10. “ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാതെ വന്നു”

11. “ദലിതരും ന്യൂനപക്ഷവും രാജ്യത്ത് ആക്രമണത്തിന് ഇരയാകുമ്പോള്‍ പ്രധാനമന്ത്രിക്ക് ഒരു വാക്കു പോലും പറയാനില്ല. പ്രതികളെ മാലയിട്ട് സ്വീകരിക്കുകയാണ് അദ്ദേഹത്തിന്റെ മന്ത്രിമാര്‍ ചെയ്യുന്നത്”

12. “താങ്ങുവില എന്നതും ഒരു ജൂംലാ സ്ട്രൈക്ക് (പാഴ്‍വാഗ്‌ദാനം) ആണ്. കപട പ്രസംഗ വാഗ്‌ദാനങ്ങളിലൂടെ കര്‍ഷകര്‍ വഞ്ചിക്കപ്പെടുകയാണ്”

13. “സത്യത്തെ ഇതു പോലെ പേടിക്കരുത്, മിസ്റ്റര്‍ പ്രധാനമന്ത്രി”

14. “ഭരണഘടന തന്നെ മാറ്റുമെന്ന് നിങ്ങളുടെ മന്ത്രിമാര്‍ പറയുന്നത് അബേദ്കറിനേയും ഇന്ത്യയേയും തന്നെ ആക്രമിക്കലാണ്”

15. “സഭയിലെ ഇടവേളയ്ക്കിടയില്‍ ബിജെപി എംപിമാര്‍ പോലും ഞാന്‍ നന്നായി സംസാരിച്ചെന്ന് പറഞ്ഞ് പ്രശംസിച്ചു”

16. “പ്രധാനമന്ത്രിയും അമിത് ഷായും ഞങ്ങളും തമ്മിലുളള വ്യത്യാസം എന്താണെന്ന് അറിയാമോ? അധികാരം പോയാല്‍ ഞങ്ങള്‍ക്ക് കുഴപ്പമില്ല. എന്നാല്‍ നിങ്ങള്‍ അങ്ങനെയല്ല. അധികാരം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ അപ്രസക്തരാണ്. ഈ പേടിയാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഈ പേടിയാണ് വെറുപ്പായി മാറുന്നത്. ഈ വെറുപ്പാണ് ഇന്ന് ഇന്ത്യ മുഴുവന്‍ അനുഭവിക്കുന്നത്. ഈ വിദ്വേഷമാണ് ഇന്ത്യയെ വരിഞ്ഞു മുറുക്കുന്നത്”

17. “ഒരാള്‍ നമ്മളെ ചീത്ത പറഞ്ഞാലും അടിച്ചാലും എന്തൊക്കെ ചെയ്താലും അയാളെ തിരിച്ച് സ്നേഹിക്കുക എന്നതാണ് ഒരു ഹിന്ദുസ്ഥാനി എന്നത് കൊണ്ട് ഞങ്ങള്‍ അര്‍ത്ഥമാക്കുന്നത്. എനിക്ക് എന്റെ ധര്‍മ്മം എന്താണെന്ന് കാണിച്ച് തന്നതിന് നിങ്ങള്‍ക്ക് നന്ദി”

18. “നിങ്ങള്‍ എന്നോട് വിദ്വേഷം കാണിക്കുന്നുണ്ട്. എന്നെ പപ്പുവെന്ന് വിളിക്കുന്നുണ്ട്. എന്നെ ചീത്ത പറയുന്നുണ്ട്. പക്ഷെ നിങ്ങളെ ഞാന്‍ വെറുക്കില്ല. കോണ്‍ഗ്രസും ഈ സ്നേഹത്തിന്റെ പ്രസരിപ്പുമാണ് ഇന്ത്യയെ കെട്ടിപ്പടുത്തത്. എല്ലാവരിലും ഈ പ്രസരിപ്പ് ഞാന്‍ കൈമാറും. എല്ലാവരേയും ആ പ്രസരിപ്പുളള കോണ്‍ഗ്രസുകാരനാക്കി മാറ്റും”.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ