ന്യൂഡല്‍ഹി: ഭാരത് ജോഡൊ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ക്രമീകരണങ്ങള്‍ മാര്‍ഗനിര്‍ദേശപ്രകാരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാഹുലിന്റെ സുരക്ഷ സംബന്ധിച്ച് കോണ്‍ഗ്രസ് ആശങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രം വിശദീകരണം നല്‍കിയത്.
2020 മുതല്‍ രാഹുല്‍ ഗാന്ധി 113 തവണ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും കേന്ദ്രം പറയുന്നു. ഭാരത് ജോഡൊ യാത്ര ഡല്‍ഹിയില്‍ പ്രവേശിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്നും കേന്ദ്രം ആരോപിച്ചു.
ഭാരത് ജോഡൊ യാത്ര ഡല്‍ഹിയിലെത്തിയപ്പോള്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാരോപിച്ച് കോണ്‍ഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചെന്നുമാണ് ഡല്‍ഹി പൊലീസിന്റെ ന്യായീകരണം.
“ഭാരത് ജോഡോ യാത്ര 2022 ഡിസംബര്‍ 24-ന് ഡല്‍ഹിയില്‍ പ്രവേശിച്ചപ്പോള്‍ ഭാരത് ജോഡോ യാത്രയുടെ സുരക്ഷ ഒന്നിലധികം അവസരങ്ങളില്‍ വീഴ്ചയുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ഇസഡ്+ സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ദൂരം നിലനിര്‍ത്തുന്നതിലും ഡല്‍ഹി പൊലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രാഹുല്‍ ഗാന്ധിയ്ക്കൊപ്പം നടന്ന ഭാരത് യാത്രികര്‍ക്കും സുരക്ഷയൊരക്കേണ്ട സ്ഥിതി വന്നു. ഡല്‍ഹി പൊലീസ് നിശബ്ദരായി കാഴ്ചക്കാരായി തുടര്‍ന്നുവെന്നും” കെ സി വേണുഗോപാല്‍ കത്തില്‍ പറഞ്ഞു.
‘യാത്രയില്‍ പങ്കെടുക്കുന്നവരെ ഉപദ്രവിക്കാനും പ്രമുഖ വ്യക്തിത്വങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ ചേരുന്നത് തടയാനും’, ഇന്റലിജന്‍സ് ബ്യൂറോ പലരെയും ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഡിസംബര്‍ 23 ന് ഹരിയാനയിലെ സോഹ്ന സിറ്റി പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ യാത്രയുടെ ക്യാമ്പ് സൈറ്റുകളിലൊന്നില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.