ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച്ച രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാജി തീരുമാനം ഐക്യകണ്‌ഠേനെ തളളി. എന്നാല്‍ രാഹുല്‍ ഇതുവരെ രാജി തീരുമാനം മാറ്റിയിട്ടില്ല.

2014ല്‍ നിന്നും 2019ലേക്ക് എത്തിയപ്പോള്‍ അന്ന് നേടിയ 44 സീറ്റിനോട് വെറും 8 സീറ്റ് കൂട്ടിച്ചേര്‍ക്കാനേ കോണ്‍ഗ്രസിന് സാധിച്ചുളളൂ. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയുടെ ഈ ദയനീയ സ്ഥിതി. ഇതോടെ രാഹുല്‍ ഗാന്ധി രാജി വെയ്ക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു.

കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുലിന്റെ രാജിയാണ് പ്രധാന ചര്‍ച്ചാ വിഷയമായത്. തനിക്ക് മാറി നിന്നേ പറ്റൂ എന്നാണ് യോഗത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് എടുത്തത്. മന്‍മോഹന്‍ സിംഗ് അടക്കമുളള 52 അംഗ സമിതി രാജിയാവശ്യം നിരാകരിച്ചു.
നമ്മള്‍ പോരാട്ടം തുടരും എന്നാണ് യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അച്ചടക്കമുളള പോരാളിയായി തുടരുമെന്നും അതിന് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്നില്ല എന്നുമാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. എന്നാല്‍ തീരുമാനം പുനപരിശോധിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടു.

മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, പി ചിദംബരം എന്നിവര്‍ രാഹുലിനോട് തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ട് സംസാരിച്ചു. അതേസമയം രാജി വെച്ചാല്‍ രാഹുല്‍ ബിജെപിയുടെ കെണിയില്‍ വീഴും എന്നാണ് പ്രിയങ്ക ഗാന്ധി യോഗത്തില്‍ പറഞ്ഞത്. മറ്റ് നേതാക്കന്മാരും രാഹുലിനോട് തുടരാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയെ ഏത് രീതിയില്‍ വേണമെങ്കിലും അടിമുടി മാറ്റി മുന്നോട്ട് പോവാന്‍ രാഹുലിന് സ്വാതന്ത്രമുണ്ടെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വ്യക്തമാക്കി. താന്‍ രാഷ്ട്രീയം വിടാനൊന്നും ഉദ്ദേശിക്കുന്നില്ല എന്നും പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. നിങ്ങളില്ലെങ്കില്‍ പിന്നെ ആര് പ്രസിഡന്റ് ആകും എന്ന് പ്രവര്‍ത്തകസമിതി അംഗങ്ങള്‍ രാഹുലിനോട് ചോദിച്ചു.

യോഗത്തിനിടെ എന്തിനാണ് ഗാന്ധി കുടുംബത്തിലുളളവര്‍ മാത്രം അദ്ധ്യക്ഷനാവേണ്ടത് എന്ന് രാഹുല്‍ ചോദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. മറ്റ് ആര്‍ക്ക് വേണമെങ്കിലും പാര്‍ട്ടി അദ്ധ്യക്ഷനാവാമെന്നും അദ്ദേഹം വ്യക്താക്കി. രാഹുല്‍ മിണ്ടാതിരിക്കുകയും രാജി വെക്കുകയും ചെയ്യേണ്ടത് ബിജെപിയുടേയും ആര്‍എസ്എസിന്റേയും ആവശ്യമാണെന്നും നേതാക്കള്‍ പറഞ്ഞു. രാഹുല്‍ രാജി വയ്ക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുമെന്ന് പി ചിദംബരം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ ഉണ്ടാകുമെന്നും അതേസമയം പ്രസിഡന്റായി തുടരാന്‍ താല്‍പര്യമില്ല എന്നുമാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. അതേസമയം രാജി വയ്ക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് രാഹുല്‍ ആണെന്നാണ് മാധ്യമങ്ങളോട് സോണിയയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook