ന്യൂഡല്‍ഹി: ഏപ്രില്‍ 26ന് കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേര്‍ഡ് വിമാനം അസ്വാഭാവികമായി തകരാറിലായ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍ പെടാന്‍ വെറും 20 സെക്കന്റ് മാത്രം ബാക്കി നില്‍ക്കെയാണ് വിമാനത്തിന്റെ തകരാറ് പരിഹരിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ നിയോഗിച്ച രണ്ടംഗ സമിതിയാണ് സംഭവം അന്വേഷിച്ചത്. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ടൈംസ് നൗ ആണ് പുറത്തുവിട്ടത്. നേരത്തേ സര്‍ക്കാര്‍ ഇത് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. വിമാനത്തിന് തകരാറ് പറ്റിയപ്പോള്‍ വിമാനജീവനക്കാര്‍ ഇത് നിയന്ത്രണത്തിലാക്കാന്‍ വൈകിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി 20 സെക്കന്റിനകം വിമാനത്തിന്റെ തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ വിമാനം തകരുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനം ഒരുഭാഗം ചരിഞ്ഞാണ് പറന്നിരുന്നത്. ഇത് വലിയ അപകടത്തിന് കാരണമാവുമായിരുന്നു. സാങ്കേതിക തകരാറ് പിണയുമ്പോള്‍ വിമാനം ഓട്ടോ പൈലറ്റ് മോഡിലും ആയിരുന്നു. തകരാറ് എത്രയും പെട്ടെന്ന് സ്വന്തമായി പൈലറ്റുമാര്‍ പരിഹരിക്കണമായിരുന്നു. 20 സെക്കന്റിനുളളില്‍ ഇത് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിമാനം തകരുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കോണ്‍ഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതിലും കോണ്‍ഗ്രസ് ദുരൂഹത ആരോപിച്ചു.

ഏപ്രില്‍ 26നാണ് സംഭവം നടന്നത്. രാഹുൽ ഗാന്ധിയും നാല് സഹയാത്രികരുമായി ഡൽഹിയിൽ നിന്നും കർണാടകയിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ തകരാറുകൾ നേരിടുകയായിരുന്നു. മനഃപൂർവ്വമായ അട്ടിമറിശ്രമം നടന്നതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് പരാതിപ്പെടുകയും ചെയ്തു. രാവിലെ 9.20നാണ് വിമാനം പുറപ്പെട്ടത്. ഏതാണ്ട് 10.45 ആയപ്പോൾ വിമാനം പെട്ടെന്ന് ഇടത്തോട്ട് ശക്തമായി ചെരിഞ്ഞു. തുടർന്ന് ആഴത്തിലേക്ക് അതിവേഗതയിൽ താഴ്ന്നു. പുറത്തെ കാലാവസ്ഥയ്ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. വിമാനം താഴ്ന്നു കൊണ്ടിരിക്കുമ്പോൾ വലിയ ശബ്ദങ്ങൾ കേൾക്കാമായിരുന്നു.

മൂന്നാമത്തെ ശ്രമത്തിലാണ് ഹുബ്ലി വിമാനത്താവളത്തിൽ വിമാനത്തിന് ലാൻഡ് ചെയ്യാനായത്. 11.25നായിരുന്നു ലാൻഡിങ്. അസാധാരണമായ ശബ്ദങ്ങളോടെ വിമാനം തുടർച്ചയായി വിറച്ചു കൊണ്ടിരുന്നു. വിമാന ജീവനക്കാരടക്കം എല്ലാവരെയും ഈ സംഭവങ്ങൾ ഭീതിയിലാഴ്ത്തി.

സാങ്കേതികപ്പിഴവുകൾ മൂലമാണ് വിമാനം പെട്ടെന്ന് ആഴത്തിലേക്ക് താഴുന്നതു പോലുള്ള സംഭവങ്ങളുണ്ടാവുക എന്ന് രാഹുലിന്റെ ഓഫീസ് ചൂണ്ടിക്കാട്ടി. മനഃപൂർവ്വമായി സാങ്കേതികത്തകരാർ വരുത്തിയിരിക്കാനുള്ള സാധ്യത ഏറെയാണ്. ഒറ്റ തകരാറല്ല വിമാനത്തിനുണ്ടായിരുന്നതെന്ന കാര്യവും രാഹുലിന്റെ ഓഫീസ് ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ സാങ്കേതികവും ഘടനാപരവുമായ പ്രശ്നങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വിമാനത്തിന്റെ മെയിന്റനൻസ് നടത്തുന്ന സാങ്കേതികജ്ഞരെയും അന്വേഷണവിധേയമാക്കണമെന്നും രാഹുലിന്റെ ഓഫീസ് ആവശ്യപ്പെട്ടു. റെലിഗേയർ ഏവിയേഷൻ കമ്പനിയുടേതാണ് അപകടത്തിലായ വിമാനം. 2011ൽ റജിസ്റ്റർ ചെയ്യപ്പെട്ട വിമാനമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook