ലഖ്‌നൗ: മഴക്കോട്ട് വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങളുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്ന ശീലക്കാരനാണ് മോദിയെന്ന് ആക്ഷേപിച്ച രാഹുൽ ഗാന്ധി സദാ ഗൂഗിൾ ചെയ്യുക മാത്രമാണ് മോദിയുടെ ജോലിയെന്നും കുറ്റപ്പെടുത്തി. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി തുടരട്ടെ എന്നും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനുള്ള മറുപടി ഉത്തർപ്രദേശിലെ ജനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് പ്രസംഗത്തിനിടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മഴക്കോട്ട് പരമാർശം വലിയ ചർച്ചയായിരുന്നു. യു.പി.എ ഭരണ കാലത്തെ അഴിമതികളെ പറ്റി പരാമർശിക്കുന്നതിനിടെയിലാണ് “ഡോ. സാബിന് മാത്രമേ മഴക്കോട്ട് അണിഞ്ഞ് എങ്ങിനെ കുളിക്കണമെന്ന് അറിയൂ” എന്നായിരുന്നു മോദിയുടെ പരിഹാസം. നിരവധി അഴിമതി ഇടപാടുകൾ നടന്ന യുപിഎ കാലത്ത് പ്രധാനമന്ത്രിക്കെതിരായി ഒറ്റ അഴിമതി കേസും നിലവിലില്ലാത്തതിനെയാണ് മോദി പരാമർശിച്ചത്.

“ഇപ്പോൾ ഗൂഗിൽ ചെയ്യുന്പോഴെല്ലാം കോൺഗ്രസ് പാർടിയെയും നേതാവിനെയും സംബന്ധിച്ച തമാശകൾ മാത്രമേ കാണാനുള്ളൂവെന്ന് ” രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദി വെള്ളിയാഴ്ച ഉത്തർപ്രദേശിലെ റാലിയിൽ പറഞ്ഞിരുന്നു. ജനങ്ങളുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയും സദാസമയം ഗൂഗിൾ ചെയ്തും നടക്കുകയാണ് മോദിയെന്നും രാജ്യത്ത് ഭരണം നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമാജ് വാദി പാർട്ടിക്കൊപ്പം ഉത്തർപ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ്, യു.പി യിൽ പ്രതാപകാലത്തേക്കുള്ള തിരിച്ച് വരവാണ് ആഗ്രഹിക്കുന്നത്. ഇതിന് എസ്.പി. ബന്ധം തുണയാകുമെന്ന വിശ്വാസത്തിലാണ് രാഹുൽ ഗാന്ധി. പശ്ചിമ ഉത്തർപ്രദേശിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ലഖ്‌നൗ വിൽ തിരഞ്ഞെടുപ്പിന്റെ പത്തിന അജണ്ട പ്രഖ്യാപിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 2014 ൽ ഭരണത്തിലേറുന്പോൾ മോദി നടത്തിയ പ്രഖ്യാപനങ്ങളെ ലക്ഷ്യമിട്ടും രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി. “തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നാണ് മോദി അധികാരത്തിലേറുന്പോൾ പറഞ്ഞത്. എന്നാൽ 2016 ലും തൊഴിലില്ലായ്മ വർദ്ധിക്കുന്നതാണ് കണ്ടത്.” അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ