ഗാന്ധിനഗര്‍: ഗുജറാത്തില്‍ വെച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാര്‍ ആക്രമിച്ചു. വെളളപ്പൊക്കം ദുരന്തം വിതച്ച ബനസ്കന്ത ജില്ലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കല്ലേറില്‍ രാഹുലിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. വെളളപ്പൊക്കത്തില്‍ പെട്ട ജനങ്ങളെ കാണാനെത്തിയ അദ്ദേഹത്തിനെതിരെ കറുത്ത കൊടിയും വീശിയിയതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ കല്ലെറിയുകയും കൊടി വീശി കാണിക്കട്ടേയെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മോദിയുടെ കല്ലേറുകാരെ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാല്‍ ചൗക്കില്‍ വെച്ച് ബിജെപി ഗുണ്ടകള്‍ രാഹുല്‍ ഗാന്ധിയുടെ കാര്‍ ആക്രമിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ അക്രമത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനും പരുക്കേറ്റതായി അദ്ദേഹം അറിയിച്ചു. സത്യത്തിന്റെ വാമൂടി കെട്ടാന്‍ ആവില്ലെന്ന് ബിജെപി മനസ്സിലാക്കണമെന്ന് സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.
ദനേരയില്‍ വെളളപ്പൊക്ക ദുരന്ത ബാധിതരെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന രാഹുലിന്റെ കാര്‍ അക്രമിക്കപ്പെട്ടതായി ബനസ്കന്ത എസ്പി നീരജ് ബദ്ഗുദാര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. കാറിന്റെ ചില്ലുകള്‍ തകര്‍ന്നതായും അദ്ദേഹം പറഞ്ഞു. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉളള ജില്ലയില്‍ ദിവസങ്ങളായി രാഹുല്‍ സന്ദര്‍ശനം നടത്തുകയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവിലേക്ക് മാറ്റിയിരുന്നു. അത്കൊണ്ട് തന്നെ ഒറ്റ എംഎല്‍എമാരും ജില്ലയില്‍ സന്ദര്‍ശനത്തിന് എത്തിയിട്ടില്ല.