ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജാക്കറ്റിനെക്കുറിച്ചുളള ബിജെപി ആരോപണത്തിൽ മറുപടിയുമായി കോൺഗ്രസ്. മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോൾ രാഹുൽ ധരിച്ചിരുന്ന ജാക്കറ്റിന്റെ വില 70,000 എന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതേ ജാക്കറ്റ് 700 രൂപയ്ക്ക് മുതൽ ലഭിക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി ബിജെപി ആരോപണത്തോട് പ്രതികരിച്ചത്.

മേഘാലയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടുളള ‘സെലിബ്രേഷൻ ഓഫ് പീസ്’ എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ എത്തിയത് കറുത്ത നിറമുളള ജാക്കറ്റ് ധരിച്ചാണ്. ഇതിനുപിന്നാലെയാണ് രാഹുലിന്റെ ജാക്കറ്റിനെക്കുറിച്ച് ബിജെപി ആരോപണം ഉയർത്തിയത്. ജാക്കറ്റിന്റെ മോഡലും വിലയും ബ്രാൻഡും വ്യക്തമാക്കുന്ന ചിത്രവും മേഘാലയിലെ ബിജെപി യൂണിറ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം, ബ്രിട്ടീഷ് ഫാഷൻ ബ്രാൻഡായ ബർബറിയുടെ ജാക്കറ്റും രാഹുലിന്റെ ജാക്കറ്റും ഒരുപോലെയാണ്. ബർബറിയുടെ ജാക്കറ്റിന് 68,145 രൂപയാണ് വില.

2015 ൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയിൽ എത്തിയപ്പോൾ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കായി എത്തിയ നരേന്ദ്ര മോദി 11 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചതിനെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ഇപ്പോൾ രാഹുലിന്റെ ജാക്കറ്റിന്റെ വിലയെക്കുറിച്ചുളള ആരോപണം ബിജെപി ഉയർത്തിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ