ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാണിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് പി. ചിദംബരം. ന്യൂസ്18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍.

രാഹുലിനെയോ മറ്റ് നേതാക്കളെയോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ത്തി വോട്ട് തേടാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് ഒരാളെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന് നിര്‍ബന്ധമില്ലെന്നും, അത്തരത്തില്‍ ചൂണ്ടിക്കാട്ടാതെ തന്നെ എത്രയോ പേര്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.

താന്‍ പ്രധാനമന്ത്രിയാകണമെന്ന് സഖ്യകക്ഷികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതിന് തയ്യാറാണെന്ന് രാഹുല്‍ പറഞ്ഞതിനു പുറകെയാണ് ചിദംബരം ഇത്തരത്തില്‍ പറഞ്ഞത്.

ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികളെ ഒരുമിപ്പിച്ച് മഹാസഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുമെന്ന് തങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ എഐസിസി ഇടപെട്ട് അത്തരം ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ പുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറാകുന്ന പ്രാദേശിക പാര്‍ട്ടികളെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭീഷണിയിലൂടെ പിന്തിരിപ്പിക്കുകയാണെന്നും ചിദംബരം ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ