ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി. വയനാട്ടില്‍ 40 ശതമാനം മുസ്‌ലിങ്ങള്‍ ഉളളത് കൊണ്ടാണ് രാഹുല്‍ ഗാന്ധി ജയിച്ചതെന്ന് ഒവൈസി പറഞ്ഞു. എന്നാല്‍ അമേഠിയില്‍ രാഹുല്‍ തോറ്റതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘കോണ്‍ഗ്രസ് നേതാവ് അമേഠിയില്‍ തോറ്റെങ്കിലും വയനാട്ടില്‍ വിജയിച്ചു. വയനാട്ടില്‍ 40 ശതമാനം മുസ്‌ലിങ്ങള്‍ അല്ലേ,’ ഒവൈസി പറഞ്ഞു. കോണ്‍ഗ്രസിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസിനും മറ്റും ശക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ക്ക് കോണ്‍ഗ്രസും മറ്റ് മതേതര പാര്‍ട്ടികളും വിട്ട് പോവേണ്ടെന്ന് തോന്നും. പക്ഷെ അവര്‍ക്ക് കരുത്തില്ല. അവര്‍ കഠിനാധ്വാനം ചെയ്യുന്നില്ല. എവിടെയാണ് ബിജെപി തോറ്റത്? പഞ്ചാബില്‍. അവിടെ ആരാണ്? സിഖുകാര്‍. ഇന്ത്യയില്‍ മറ്റേത് സംസ്ഥാനത്തും ബിജെപി തോറ്റത് കോണ്‍ഗ്രസ് കാരണമല്ല, അവിടത്തെ പ്രാദേശിക പാര്‍ട്ടികളാണ് തോല്‍പ്പിച്ചത്,’ ഒവൈസി വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിഞ്ഞ തവണ അമേഠിയില്‍ നിന്ന് ജയിച്ചത് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ്. എന്നാല്‍ 4 ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നല്‍കിയാണ് വയനാട്ടുകാര്‍ രാഹുലിനെ വിജയിപ്പിച്ചത്.
കഴിഞ്ഞ ദിവസം വയനാട്ടുകാര്‍ക്ക് നന്ദി അറിയിക്കാനും രാഹുല്‍ എത്തിയിരുന്നു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല, കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലയില്‍ കേരളത്തിലെ പ്രശ്‌നങ്ങളും ലോക്‌സഭയില്‍ ഉന്നയിക്കാന്‍ താന്‍ ഉത്തരവാദിത്തപ്പെട്ടവനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്നലെ വയനാട് മണ്ഡലത്തിലെ മൂന്ന് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി. സന്ദര്‍ശനത്തിന്റെ അവസാനദിവസമായ ഇന്നലെ രാഹുല്‍ ഗാന്ധി കോഴിക്കോട് ജില്ലയിലെ മുക്കത്ത് റോഡ് ഷോ നടത്തിയിരുന്നു. മൂന്ന് ദിവസം മൂന്ന് ജില്ലകളിലായി 12 ഇടങ്ങളില്‍ രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. എന്നാല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളെയോ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താനോ രാഹുല്‍ ഗാന്ധി തയാറായില്ല.
കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളില്‍ ആയിരുന്നു ഇന്നലെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. മുക്കത്തായിരുന്നു അവസാന പരിപാടി. ശനിയാഴ്ചയാണ് രാഹുല്‍ കേരളത്തില്‍ എത്തിയത്. ഇടത് ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ ചായ്‌വുകളുള്ള ജനതയാണ് കേരളത്തിലേതെന്നും അദേഹം പറഞ്ഞു.
സംസ്ഥാനം ഇതുവരെ കണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ജയം. 431770 വോട്ടുകള്‍ക്കാണ് ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന പി.പി.സുനീറിനെ രാഹുല്‍ പരാജയപ്പെടുത്തിയത്. അമേഠിയില്‍ തോല്‍വി ഏറ്റുവാങ്ങിയ രാഹുലിന് എന്നാല്‍ വയനാട് സമ്മാനിച്ചത് റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു.