ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽനിന്നും മത്സരിക്കുന്നുവെന്ന ബിജെപി വാദത്തെ തള്ളി കോൺഗ്രസ്. ”കർണാടകയിൽനിന്നും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന ഒരു നിർദേശവും മുന്നോട്ടുവച്ചിട്ടില്ല. അദ്ദേഹം അമേഠിയിൽനിന്നാണ് മത്സരിക്കുന്നത്,” മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ബിജെപി മുതിർന്ന നേതാവ് ബി.എസ്.യെഡിയൂരപ്പയാണ് രാഹുൽ കർണാടകയിൽനിന്നും മത്സരിക്കാൻ പദ്ധതിയിടുന്നതായി അവകാശവാദം ഉന്നയിച്ചത്. കർണാടകയിലെ ബിഡാറിൽനിന്നായിരിക്കും രാഹുൽ മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കർണാടകയിൽനിന്നും മത്സരിച്ചാൽ രാഹുൽ ജയിക്കില്ലെന്നും യെഡിയൂരപ്പ പറഞ്ഞിരുന്നു.

”അമേഠിയിൽനിന്നാണ് രാഹുൽ മത്സരിക്കുക. അമേഠിയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം വിധിയെഴുതും,” സിദ്ധരാമയ്യ പറഞ്ഞു. ബിജെപിയുടെ വാദത്തെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും തള്ളിക്കളഞ്ഞു. ബിഡാറിലെ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ സംസാരിച്ചതിന് അർത്ഥം, അദ്ദേഹം അവിടെനിന്നും മത്സരിക്കാൻ പോകുന്നുവെന്നല്ലെന്ന് അദ്ദേഹം പറഞ്ഞു.

അമേഠിയിൽ കോൺഗ്രസിന് ശക്തമായ അടിത്തറയാണുള്ളത്. മൂന്നു തവണ ഇവിടെനിന്ന് ജയിച്ചാണ് രാഹുൽ ലോക്‌സഭയിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook