അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം പി. ലോക്സഭയില്‍ തന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ പ്രധാനമന്ത്രി എന്തുകൊണ്ടാണു തന്റെ കുടുംബപ്പേര് സംബന്ധിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മോദിയും ഗൗതം അദാനിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിച്ച രാഹുല്‍, തന്റെ പരാമര്‍ശങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ അടങ്ങിയ കത്ത് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു നല്‍കിയിട്ടുണ്ടെന്നും എന്നാലിത് സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്തതായും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം സംബന്ധിച്ച് ബി ജെ പി അംഗങ്ങള്‍ നല്‍കിയ നോട്ടിസുകള്‍ക്കു ഫെബ്രുവരി 15നകം മറുപടി നല്‍കാന്‍ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.
തന്റെ കുടുംബപ്പേര് പരാമര്‍ശിച്ച് തന്നെ നേരിട്ട് അധിക്ഷേപിച്ച മോദിയുടെ പരാമര്‍ശം എന്തുകൊണ്ടു സഭാരേധകളില്‍ നീക്കം ചെയ്തില്ലെന്നു വയനാട് സന്ദര്‍ശനത്തിനിടെ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ചോദിച്ചു.
”എന്തുകൊണ്ടാണ് നിങ്ങളുടെ പേര് ഗാന്ധിയെന്ന് ഉപയോഗിക്കുന്നതെന്നും നെഹ്റുവെന്ന് ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെ നേരിട്ട് അധിക്ഷേപിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ രേഖപ്പെടുത്തുന്നില്ല. എന്നാല്‍ അതൊരു പ്രശ്‌നമല്ല, കാരണം സത്യം എപ്പോഴും പുറത്തുവരും,” രാഹുല്‍ പറഞ്ഞു.
”നാം (ജവഹര്‍ലാല്‍) നെഹ്റുവിനെ എവിടെയെങ്കിലും പരാമര്‍ശിക്കാതെ പോയാല്‍, അവര്‍ (കോണ്‍ഗ്രസ്) അസ്വസ്ഥരാകും. നെഹ്റു മഹാനായ വ്യക്തിയായിരുന്നു. പിന്നെ എന്തുകൊണ്ട് ആരും നെഹ്‌റുവെന്നതു കുടുംബപ്പേരായി ഉപയോഗിക്കാത്തത്? നെഹ്റുവെന്ന പേര് ഉപയോഗിക്കുന്നതില്‍ എന്താണ് നാണക്കേട്?” എന്നായിരുന്നു രാജ്യസഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയത്തിന് മറുപടിയായി മോദി പറഞ്ഞത്.
”ഞാന്‍ പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എങ്ങനെയാണ് അദാനി ഇത്ര വേഗത്തില്‍ വളര്‍ന്നതെന്നു ഞാന്‍ ചോദിച്ചു. ഒരു ചോദ്യത്തിനും പ്രധാനമന്ത്രി ഉത്തരം നല്‍കിയില്ല. നിങ്ങളെ എന്തുകൊണ്ട് നെഹ്റുവെന്നു വിളിക്കപ്പെടുന്നില്ലെന്ന, എന്തുകൊണ്ടാണു ഗാന്ധിയെന്നു വിളിക്കപ്പെടുന്നത് എന്നായിരുന്നു എന്റെ ചോദ്യങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ മറുപടി. കാരണം പൊതുവെ ഇന്ത്യയില്‍… ഒരു പക്ഷേ മിസ്റ്റര്‍ മോദിക്ക് ഇതു മനസിലായിട്ടുണ്ടാകില്ല… പക്ഷേ പൊതുവെ ഇന്ത്യയില്‍ നമ്മുടെ കുടുംബപ്പേര് നമ്മുടെ പിതാവിന്റെ കുടുംബപ്പേരാണ്,” രാഹുല്‍ വയനാട്ടില്‍ പറഞ്ഞു.
”ഞാന്‍ ഏറ്റവും മാന്യവും മാന്യവുമായ സ്വരത്തിലാണു സംസാരിച്ചത്. ഞാന്‍ മോശമായ ഭാഷ ഉപയോഗിച്ചിട്ടില്ല. ആരെയും അധിക്ഷേപിച്ചിട്ടില്ല. ഞാന്‍ ചില വസ്തുതകള്‍ ഉന്നയിച്ചു,” രാഹുല്‍ പറഞ്ഞു.
പാര്‍ലമെന്റിലെ പ്രസംഗങ്ങളില്‍ തന്റെയും പ്രധാനമന്ത്രിയുടെയും ശരീരഭാഷ നിരീക്ഷിക്കാനും രാഹുല്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ”ഞാന്‍ സംസാരിക്കുമ്പോള്‍ എന്റെ മുഖത്തേക്കും അദ്ദേഹം സംസാരിക്കുമ്പോള്‍ ആ മുഖത്തേക്കും. നോക്കുക. അദ്ദേഹം എത്ര തവണ വെള്ളം കുടിച്ചു, വെള്ളം കുടിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈ എങ്ങനെ വിറയ്ക്കുന്നുവെന്നും നോക്കൂ, എല്ലാം നിങ്ങള്‍ക്ക് മനസിലാകും,” രാഹുല്‍ പറഞ്ഞു.
എല്ലാവരും ഭയപ്പെടേണ്ട ശക്തനാണെന്നായിരിക്കും മോദി സ്വയം കരുതുന്നതെന്നു രാഹുല്‍ പറഞ്ഞു. ”ഞാന്‍ ഏറ്റവും അവസാനമായി ഭയപ്പെടുന്ന അവസാന കാര്യം നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം മനസിലാക്കുന്നില്ല. അദ്ദേഹം പ്രധാനമന്ത്രിയാണോയെന്നതും അദ്ദേഹത്തിന് എല്ലാ ഏജന്‍സികളും ഉണ്ടോയെന്നതും പ്രശ്‌നമല്ല. കാരണം സത്യം അദ്ദേഹത്തിന്റെ പക്ഷത്തല്ല. ഒരു ദിവസം സത്യത്തെ അഭിമുഖീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകും,” രാഹുല്‍ പറഞ്ഞു.
”അദാനി പ്രധാനമന്ത്രിക്കൊപ്പം വിദേശരാജ്യങ്ങളിലേക്കു യാത്ര ചെയ്തതെങ്ങനെയെന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചു. ഈ സന്ദര്‍ശനങ്ങള്‍ക്കു തൊട്ടുപിന്നാലെ, ഈ രാജ്യങ്ങളില്‍ കരാറുകള്‍ നേടി പ്രതിഫലം ലഭിച്ചു. എയര്‍പോര്‍ട്ട് ട്രാഫിക്കിന്റെ 30 ശതമാനം അദാനിയുടെ നിയന്ത്രണത്തിലായത് എങ്ങനെയെന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചു. അതു പ്രധാനമന്ത്രിയുമായി ബന്ധമുള്ളതുകൊണ്ടു മാത്രമാണ്. ഈ വിമാനത്താവളങ്ങള്‍ അദാനിക്കു ലഭിക്കത്തക്കവിധം നിയമങ്ങള്‍ എങ്ങനെ മാറ്റി എന്നതിനെക്കുറിച്ചാണു ഞാന്‍ സംസാരിച്ചത്. വിമാനത്താവളങ്ങള്‍ നടത്തി പരിചയമില്ലാത്തവരെ നേരത്തെ അതിന് അനുവദിച്ചിരുന്നില്ല. അദാനിയെ പങ്കെടുക്കാന്‍ അനുവദിക്കുന്നതിനായി നിയമങ്ങള്‍ മാറ്റി. അദാനിയെ അനുവദിക്കരുതെന്നു നിതി ആയോഗും മറ്റു സ്ഥാപനങ്ങളും പറഞ്ഞു, പക്ഷേ അദ്ദേഹത്തെ അനുവദിച്ചു,”സഭയിലെ തന്റെ പ്രസംഗത്തെക്കുറിച്ച് രാഹുല്‍ പറഞ്ഞു.
അദാനി ഗ്രൂപ്പിനു ബംഗ്ലാദേശിലെ കരാറുകളും ശ്രീലങ്കയിലെ വൈദ്യുത പദ്ധതിയും ലഭിച്ചതും എസ് ബി ഐയില്‍നിന്ന് വായ്പ നേടിയെടുത്തതും നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി മുംബൈ വിമാനത്താവളം ഏറ്റെടുത്തത് എങ്ങനെയെന്നമുള്ള തന്റെ ആരോപണങ്ങള്‍ രാഹുല്‍ വയനാട്ടിലെ പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. ‘. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, പ്രതിരോധ കരാറുകള്‍, കല്‍ക്കരി കരാറുകള്‍, ഖനന കരാറുകള്‍, റോഡ് കരാറുകള്‍, കൃഷി.. എല്ലാ വ്യവസായങ്ങളും അദാനി സ്വന്തമാക്കി. മിസ്റ്റര്‍ അദാനി കുത്തകയാകാന്‍ ഒരുങ്ങുകയാണ്. ആയിരക്കണക്കിനു കോടി രൂപ ഇന്ത്യയിലേക്ക് അയയ്ക്കുന്ന ഷെല്‍ കമ്പനികള്‍ വിദേശത്തുണ്ട്. ഈ ഷെല്‍ കമ്പനികള്‍ ആരുടേതാണെന്ന് ആര്‍ക്കും അറിയില്ലെന്നും രാഹുല്‍ ആരോപിച്ചു.
പാര്‍ലമെന്റില്‍ ഇതേ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്റെ പ്രസംഗം എഡിറ്റ് ചെയ്തതും സഭയുടെ രേഖകളില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കാത്തതും എന്തുകൊണ്ടാണെന്നു രാഹുല്‍ ചോദിച്ചു. ”അദാനിയുടെയും അംബാനിയുടെയും പേര് ഒരുമിച്ച് പറയുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കുകയാണ്. അവര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ ഉടനീളം കാണാം. അദാനിയുടെ വിമാനത്തില്‍ പ്രധാനമന്ത്രി പറക്കുന്നതു നിങ്ങള്‍ക്ക് കാണാം. വിമാനത്തിനുള്ളില്‍ അദാനിക്കൊപ്പം ചിരിച്ചുകൊണ്ട് വിശ്രമിക്കുന്നതും കാണാം. പ്രധാനമന്ത്രിക്കൊപ്പം വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തില്‍ അദാനി യാത്ര ചെയ്യുന്നു. പ്രധാനമന്ത്രി ഉള്ളപ്പോള്‍ അദ്ദേഹം മാന്ത്രികമായി വിദേശ രാജ്യങ്ങളില്‍ എത്തുന്നു. (ഞാന്‍) പറഞ്ഞതൊന്നും അസത്യമായിരുന്നില്ല, എല്ലാം വസ്തുതാപരമായിരുന്നു, ആര്‍ക്കും ഇന്റര്‍നെറ്റില്‍ നോക്കാം, ഗൂഗിളില്‍ പോയി ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ ചോദിക്കാം നിങ്ങള്‍ എല്ലാം കണ്ടെത്തും,” രാഹുല്‍ പറഞ്ഞു.
അനുമതയില്ലാതെ എന്തെങ്കിലും പറയുകയോ ആരെയെങ്കിലും അപമാനിക്കുകയോ ചെയ്താല്‍ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യാമെന്നാണു സഭാ ചട്ടങ്ങള്‍ പറയുന്നുത്. എന്നാല്‍ താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഏറ്റവും മാന്യമായ ഭാഷയാണ് ഉപയോഗിച്ചതെന്നും പറഞ്ഞതെല്ലാം തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.