ന്യൂഡൽഹി:  പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എംപി വീണ്ടും വയനാട്ടിലെത്തും. ഓഗസ്റ്റ് 26 തിങ്കഴാഴ്ച രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വയനാട് മണ്ഡലത്തിലെ ദുരിത ബാധിത മേഖലകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചേക്കും. പ്രളയ ബാധിതരെ നേരിട്ട് കണ്ട് അവരോട് കാര്യങ്ങള്‍ ചോദിച്ചറിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാകും. നേരത്തെ, മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും രാഹുല്‍ ഗാന്ധി എത്തിയിരുന്നു.

Read Also:  ‘കേരളത്തിനായി’; റിസർവ് ബാങ്ക് ഗവർണർക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിനായി റിസർവ് ബാങ്ക് ഗവർണർക്ക് വയനാട് എംപിയായ രാഹുൽ ഗാന്ധി നേരത്തെ കത്തയച്ചിരുന്നു. ലോണുകൾ തിരിച്ചടയ്ക്കാനുള്ള മൊറട്ടോറിയം നീട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് രാഹുൽ ഗാന്ധി കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും കേരളം നൂറ്റാണ്ടിലെ പ്രളയത്തെ നേരിട്ടതാണെന്നും രാഹുൽ കത്തിൽ വ്യക്തമാക്കുന്നു.

രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടാണ് ഇത്തവണ മഴ കൂടുതൽ നാശം വിതച്ച സ്ഥലങ്ങളിൽ ഒന്ന്. വയനാട്ടിലെയും കേരളത്തിലെയും കാലവര്‍ഷക്കെടുതിയെയും ദുരന്തങ്ങളെയും കുറിച്ചു വിവരിച്ച് രാഹുല്‍ ഗാന്ധി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വയനാട് ജില്ലയിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും ഉണ്ടായ ഉരുൾപൊട്ടലിനെ കുറിച്ച് രാഹുല്‍ ഗാന്ധി കത്തില്‍ വിവരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് ജീവിതം നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.

Read Also: സാമ്പത്തിക രംഗത്ത് ഗുരുതര പ്രതിസന്ധി; അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍

പ്രളയാനന്തര പുനര്‍നിർമാണത്തിനും പുനരധിവാസത്തിനും പ്രത്യേക പാക്കേജ് വേണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക സംവിധാനം ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഇതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനും വരുന്ന നഷ്ടം കുറയ്ക്കാനാകുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook