പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനേറ്റ പരാജയത്തിന് കാരണം കോണ്‍ഗ്രസാണെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി. ബീഹാറിലെ മാത്രമല്ല, മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥിതി ഇതാണെന്നും തിവാരി പറഞ്ഞു.
“മഹാഗത്ബന്ധന് കോൺഗ്രസ് ഒരു ചങ്ങലയായി മാറി. അവർ 70 സ്ഥാനാർത്ഥികളെ നിർത്തിയിരുന്നുവെങ്കിലും 70 പൊതു റാലികൾ പോലും നടത്തിയിട്ടില്ല. രാഹുൽ ഗാന്ധി മൂന്ന് ദിവസം വന്നു. പ്രിയങ്ക ഗാന്ധി വന്നതേയില്ല. ബീഹാറുമായി യാതൊരു പരിചയമില്ലാത്തവരാണ് പ്രചരണത്തിനെത്തിയത്. ഇത് ശരിയല്ല,” ശിവാനന്ദ് തിവാരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസ് വലിയ പരാജയമായിരുന്നു. ആർജെഡി മികച്ച മുന്നേറ്റം കാഴ്ചവെച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് കാര്യമായ സീറ്റുകൾ നേടാതെ പോയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്.
“ഇത് ബിഹാറിലെ മാത്രം സ്ഥിതിയല്ല. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റെല്ലായിടങ്ങളിലും ധാരാളം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്‍ത്തുന്നുണ്ട്. എന്നാല്‍ അതില്‍ പകുതിപേര് പോലും വിജയിക്കുന്നില്ല. ഇതേപ്പറ്റി കോണ്‍ഗ്രസ് നേതൃത്വം കാര്യമായി തന്നെ ചിന്തിക്കണം,” അദ്ദേഹം പറഞ്ഞു.
“ബിഹാറില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിച്ച് നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഷിംലയിലെ പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് പിക്നിക് നടത്തുന്ന തിരക്കിലായിരുന്നു. ഇങ്ങനെയാണോ ഒരു പാര്‍ട്ടി നേതൃത്വം പെരുമാറേണ്ടത്? കോണ്‍ഗ്രസിന്റെ ഇത്തരം പ്രവൃത്തികള്‍ ബിജെപിയ്ക്ക് വളരാനുള്ള വളമാകും എന്ന ആരോപണത്തില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നുന്നു,” തിവാരി പറഞ്ഞു.
Read More: ജനം കോൺഗ്രസിനെ ഒരു ബദലായി കണക്കാക്കുന്നില്ല: കപിൽ സിബൽ
അതേസമയം, ബിഹാർ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ഉണ്ടായ കാലതാമസം സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് കോൺഗ്രസിന്റെ നിഗമനം.
ഫലം പ്രതീക്ഷകൾക്ക് താഴെയാണെന്ന് മുതിർന്ന പാർട്ടി നേതാവ് താരിഖ് അൻവർ പറഞ്ഞു. കോൺഗ്രസ് അതിൽ നിന്ന് പഠിക്കണമെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻകൂട്ടി സഖ്യകക്ഷികളുമായുള്ള ഔപചാരിക നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി പാർട്ടിയിലെ മുതിർന്ന നേതാവ് കപിൽ സിബലും രംഗത്തെത്തി. ജനം കോൺഗ്രസിനെ ഒരു ബദലായി കാണുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ബിഹാർ നിയമ സഭ തിരഞ്ഞെടുപ്പിലും മറ്റ് ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബിഹാറിൽ മാത്രമല്ല, രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ജനങ്ങൾ കോൺഗ്രസിനെ ഫലപ്രദമായ ഒരു ബദലായി കണക്കാക്കുന്നില്ല. ഇത് ഒരു നിഗമനമാണ്. എല്ലാത്തിനുമുപരി, ബിഹാറിലെ ബദൽ ആർജെഡിയായിരുന്നു. ഗുജറാത്തിലെ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഞങ്ങൾ പരാജയപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ അവിടെ ഒരു സീറ്റ് പോലും നേടിയിട്ടില്ല. ഉത്തർപ്രദേശിലെ ചില നിയോജകമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ രണ്ട് ശതമാനത്തിൽ താഴെയാണ്. ഗുജറാത്തിലെ ഞങ്ങളുടെ മൂന്ന് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച പൈസ പോലും നഷ്ടപ്പെട്ടു. അതിനാൽ കാര്യങ്ങൾ സുഖകരമല്ല എന്ന വ്യക്തമായ സൂചനയാണിത്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ ഭാഗമായ എന്റെ ഒരു സഹപ്രവർത്തകൻ കഴിഞ്ഞ ദിവസം ഒരു പ്രസ്താവന നടത്തി, ‘കോൺഗ്രസ് ആത്മപരിശോധന നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ എന്ന്,” കപിൽ സിബൽ പറഞ്ഞു.