ന്യൂഡല്‍ഹി: സ്വന്തം പേര് മാറ്റിയാലോ എന്ന ആലോചനയിലാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയല്ല ഈ പേര് കാരണം വട്ടംകറങ്ങിയിരിക്കുന്നത്. ഇത് മറ്റൊരു രാഹുല്‍ ഗാന്ധിയുടെ കഥയാണ്. രാഹുല്‍ ഗാന്ധി എന്ന പേര് കാരണം ഒരു സിം കാര്‍ഡ് കണക്ഷന് പോലും ലഭിക്കാത്ത 22 കാരന്റെ ജീവിതമാണ് ഇത്.
രാഹുല്‍ ഗാന്ധി എന്ന പേര് കാരണം ആകെ പെട്ടുപോയിരിക്കുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള യുവാവ്. സ്വന്തം വ്യക്തിത്വം തെളിയിക്കാനുള്ള പെടാപാടാണ് പലര്‍ക്ക് മുന്‍പിലും ഈ രാഹുല്‍ നടത്തുന്നത്. പേര് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല കളിയാക്കുകയും ചെയ്യുന്നു. താന്‍ വ്യാജനല്ലെന്ന് മറ്റുള്ളവരെ മനസിലാക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ഈ പേര് കാരണം ആകെ മടുത്തിരിക്കുകയാണ്. ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്നു. എങ്ങനെയെങ്കിലും പേര് മാറ്റിയാല്‍ മതി എന്ന ചിന്തയിലാണ് താനെന്നും രാഹുല്‍ ഗാന്ധി പറയുന്നു.
Read Also: ക്രൗഡ് ഫണ്ടിങ് കണക്കുകള്‍ അവതരിപ്പിക്കാത്തത് നന്ദി പര്യടനം നീണ്ടുപോയതിനാല്‍: രമ്യ ഹരിദാസ്
“എനിക്ക് ഒരു ആധാര്‍ കാര്‍ഡ് ഉണ്ട്. അത് മാത്രമാണ് വ്യക്തിത്വം തെളിയിക്കാനുള്ള രേഖ. ആധാറും കൊണ്ട് പുതിയ സിം കണക്ഷന് എടുക്കാന്‍ പോയപ്പോള്‍ അവിടെ ഉള്ളവരെല്ലാം എന്നെ കാണുന്നത് ഒരു വ്യാജനായാണ്. പേര് കാരണമാണ് അത്. എല്ലാവരും എന്നെ സംശയത്തോടെയാണ് നോക്കുന്നത്” – ഇന്‍ഡോറിലെ അഖണ്ഡ് നഗറിലുള്ള രാഹുല്‍ ഗാന്ധി പറഞ്ഞു.
ആര്‍ക്കങ്കിലും ഫോണ്‍ വിളിച്ച് താന്‍ രാഹുല്‍ ഗാന്ധിയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ല. വിളിക്കുന്നത് വ്യാജനാണെന്ന് അവര്‍ കരുതുന്നു. എന്തുകൊണ്ട് രാഹുല്‍ ഗാന്ധി ഇന്‍ഡോറില്‍ താമസിക്കുന്നു എന്നും പറഞ്ഞ് കളിയാക്കുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പാരാമിലിട്ടറി ഫോഴ്സില്‍ അലക്കുകാരനായിരുന്നു ഇന്‍ഡോറിലുള്ള രാഹുല്‍ ഗാന്ധിയുടെ അച്ഛന് രാജേഷ് മാളവ്യ. ബിഎസ്എഫ് അധികൃതര്‍ ഗാന്ധി എന്ന ചെല്ലപ്പേരിലാണ് രാജേഷ് മാളവ്യയെ വിളിച്ചിരുന്നത്. പിന്നീട് ഗാന്ധി എന്ന പേരിനോട് രാജേഷ് മാളവ്യക്ക് വല്ലാത്ത അടുപ്പമായി. അങ്ങനെയാണ് രാഹുല്‍ മാളവ്യ എന്ന് പേരുള്ള മകന്റെ പേര് ‘രാഹുല്‍ ഗാന്ധി’ എന്നാക്കിയത്. സ്കൂളില്‍ പഠിക്കുമ്പോഴാണ് അച്ഛന് രാഹുലിന്റെ പേരിനൊപ്പം ‘ഗാന്ധി’ എന്ന് ചേര്‍ത്തത്. ഇതാണ് ഇപ്പോള്‍ ഈ 22 കാരന് വിനയായിരിക്കുന്നത്.
അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയ രാഹുലിന് രാഷ്ട്രീയമൊന്നും വശമില്ല. രാഷ്ട്രീയത്തില്‍ വലിയ താല്പര്യവുമില്ല. എന്നാല്‍, രാഹുല്‍ ഗാന്ധി എന്ന പേര് കാരണം ആകെ ബുദ്ധിമുട്ടിലാണ് ഈ ഇന്‍ഡോറുകാരന്‍. നിയമ നടപടികളിലൂടെ പേര് മാറ്റാനുള്ള തയ്യാറെടുപ്പുകളിലാണ് ഈ രാഹുല്‍ ഗാന്ധി ഇപ്പോള്‍.