തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം രാഹുൽ ഗാന്ധി ഇതാദ്യമായി ഇന്ന് കേരളത്തിലെത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘടിപ്പിച്ച പടയൊരുക്കത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുൽ എത്തുന്നത്.
ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. രാവിലെ 11ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ രാവിലെയോടെ തന്നെ പൂന്തുറയിലും വിഴിഞ്ഞം തീരത്തും എത്തും. തുടര്‍ന്ന് ഹെലികോപ്ടറിൽ കന്യാകുമാരിയിൽ ഓഖി ദുരന്തത്തിനിരയായ ചിന്നത്തുറൈ സന്ദർശിക്കും.
തുടർന്ന് 2.50ന് തിരുവനന്തപുരത്തെത്തുന്ന രാഹുൽ മാസ്കറ്റ് ഹോട്ടലിലെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകീട്ട് 3.40ന് തൈക്കാട് പൊലീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ബേബിജോണ്‍ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും.
വൈകീട്ട് അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പടയൊരുക്കത്തിന്റെ സമാപനസമ്മേളനം. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം രാത്രി എട്ടുമണിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. പടയൊരുക്കം സമാപന സമ്മേളനത്തില്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. നേരത്തേ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി ഇന്നത്തേക്ക് മാറ്റിവെച്ചത്.