/indian-express-malayalam/media/media_files/uploads/2023/06/ls-Rahul-Gandhi-2-1.jpg)
RahulGandhi|congress
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ പുനഃപരിശോധന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ശിക്ഷാവിധി നേരത്തെ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സെഷന്‍സ് കോടതി ഉത്തരവ് 'ന്യായവും നിയമപരവുമാണ്' എന്ന് ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്, വിധിയില്‍ പറഞ്ഞു. ശിക്ഷാവിധിയില്‍ സ്റ്റേ നല്‍കാത്തത് രാഹുല്‍ ഗാന്ധിയോട് കാണിക്കുന്ന അനീതിയല്ലെന്നും കോടതി നിരീക്ഷിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരെ സമാനമായ പരാതികള്‍ വേറെയുമുണ്ട്. പത്തോളം കേസുകളും നിലവിലുണ്ട്. ഈ കേസില്‍ സൂറത്ത് കോടതിയുടെ വിധി ഉചിതമാണെന്നും ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതിയുടെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഏപ്രില്‍, മെയ് മാസങ്ങളില്‍ ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ഹര്‍ജി പരിഗണിച്ചിരുന്നു, മെയ് രണ്ടിന് കേസില്‍ വാദം പൂര്‍ത്തിയായിരുന്നു.
ക്രിമിനല്‍ മാനനഷ്ടം ആരോപിക്കപ്പെടുന്ന കേസില്‍ ശിക്ഷിക്കപ്പെടുന്നത് സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അപേക്ഷ തള്ളിയാല്‍ കോടതി സിആര്‍പിസി സെക്ഷന്‍ 389 പരിധി മാറ്റിയെഴുതുകയായിരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
വിവിധ വിധിന്യായങ്ങള്‍ പ്രകാരം നിര്‍വചിച്ചിരിക്കുന്നതുപോലെ, ശിക്ഷാവിധി ഗുരുതരമായ കുറ്റകൃത്യത്തില്‍ ഉള്‍ക്കൊള്ളുന്നതല്ലെന്നും വിചാരണ ദുര്‍ബലമായെന്നും ഹൈക്കോടതിയെ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് ഉള്‍പ്പെടെയുള്ള മാറ്റാനാവാത്ത പ്രത്യാഘാതങ്ങള്‍ ശിക്ഷാവിധിയെ തുടര്‍ന്നുണ്ടാകുന്നു. ഇത് ഒരു കോടതിക്ക് മാറ്റാന്‍ കഴിയില്ലെന്ന് മനു സിംഗ്വി വാദിച്ചു.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലെ ഒരു രാഷ്ട്രീയ പ്രചാരണത്തിനിടെ 'എല്ലാ കള്ളന്മാരും മോദി കുടുംബപ്പേര് പങ്കിടുന്നത് എന്തുകൊണ്ട്' എന്ന പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് വെസ്റ്റ് എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി പരാതിയില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. വിധിയെത്തുടര്‍ന്ന് എംപി സ്ഥാനത്ത് നിന്ന് രാഹുലിനെ അയോഗ്യനാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.