scorecardresearch
Latest News

ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുൽ ഗാന്ധി, മാതൃകാപരമായ നടപടിയെന്ന് ശശി തരൂർ

അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് ഇപ്പോൾ രാഹുലിന്റെ താമസം

rahul gandhi, congress, ie malayalam

ന്യൂഡൽഹി: എംപി സ്ഥാനത്തിനുള്ള അയോഗ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക വസതി ഒഴിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തുഗ്ലഖ് ലെയിനിലെ ഔദ്യോഗിക വസതിയാണ് രാഹുൽ ഇന്ന് ഒഴിഞ്ഞത്. ഇന്ന് പൊതു അവധിയായതിനാൽ രാഹുലിന് വസതിയുടെ താക്കോൽ ലോക്സഭാ സെക്രട്ടറിയേറ്റിന് നൽകാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മാസമാണ് അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനുപിന്നാലെ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതായി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇന്നായിരുന്നു ഔദ്യോഗിക വസതി ഒഴിയുന്നതിന് രാഹുലിനു നൽകിയിരുന്ന അവസാന തീയതി.

ഇന്നലെ തന്നെ രാഹുൽ ഔദ്യോഗിക വസതിയിൽനിന്നും തന്റെ സാധനങ്ങളെല്ലാം മാറ്റിയിരുന്നു. ഇപ്പോൾ അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുലിന്റെ താമസം. അദ്ദേഹം പുതിയ വീട് അന്വേഷിക്കുന്നുണ്ട്.

അതേസമയം, ഔദ്യോഗിക വസതി ഒഴിഞ്ഞ രാഹുലിന്റെ പ്രവർത്തിയെ കോൺഗ്രസ് നേതാവ് ശശി തരൂർ അഭിനന്ദിച്ചു. രാഹുലിന്റേത് മാതൃകാപരമായ നടപടി എന്നായിരുന്നു തരൂർ ട്വീറ്റ് ചെയ്തത്.

2019-ലെ കേസിലാണ് മാര്‍ച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച്.വെര്‍മ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്സഭ അംഗത്വവും റദ്ദാക്കിയിരുന്നു. ശിക്ഷാവിധിക്ക് പിന്നാലെ 15,000 രൂപയുടെ ജാമ്യത്തിൽ രാഹുലിന് ജാമ്യം നല്‍കുകയും 30 ദിവസത്തേക്ക് അറസ്റ്റ് തടയുകയും ചെയ്തിരുന്നു. മേല്‍ക്കോടതിയെ സമീപിക്കുന്നതിനായാണ് രാഹുലിന് 30 ദിവസത്തെ സമയം അനുവദിച്ചത്.

അപകീർത്തി കേസിൽ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു. കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. സെഷൻസ് കോടതി ഉത്തരവിനെതിരെ അടുത്ത ആഴ്ച ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rahul gandhi vacates official bungalow exemplary gesture says shashi tharoor