ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി വാഗ്‌ദാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രതിമാസം 12,000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് രാഹുൽ പറഞ്ഞു. 20 ശതമാനം പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് പദ്ധതിയുടെ നേരിട്ടുളള ഗുണം ലഭിക്കുമെന്ന് രാഹുൽ പറഞ്ഞു.

മിനിമം വരുമാന പദ്ധതി വഴി പ്രതിവർഷം 72,000 രൂപ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കും. പ്രതിമാസം 12,000 രൂപ വരുമാനം ലഭിക്കുന്നില്ലെങ്കിൽ അതിലേക്ക് എത്തുന്നതിന് എത്ര തുകയാണോ വേണ്ടത് അത്രയും സർക്കാർ നൽകും. സർക്കാരിന് ഇതിന് എത്ര തുക വേണ്ടി വരുമെന്ന കാര്യം പിന്നീട് വെളിപ്പെടുത്തും. ലോകത്ത് ഒരിടത്തും ഇത്തരത്തിലുള്ള പദ്ധതിയില്ലെന്നും രാഹുൽ പറഞ്ഞു.

Read: ഇന്ദിരയ്ക്കും സോണിയയ്ക്കും ശേഷം തെക്കേ ഇന്ത്യയിൽ ഭാഗ്യപരീക്ഷണത്തിന് രാഹുൽ?

ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും വെറുതെ വാഗ്‌ദാനങ്ങൾ നടത്തുന്ന ആളല്ല താനെന്നും രാഹുൽ വ്യക്തമാക്കി. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കർഷകരുടെ വായ്പ എഴുതി തളളുമെന്ന പ്രഖ്യാപനത്തിനുശേഷം ഉടനടി നടപടികൾ സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തുനിന്നും ദാരിദ്ര്യം തുടച്ചുനീക്കുന്നതിനാണ് പുതിയ പദ്ധതിയെന്നും രാജ്യത്തുനിന്നും ദാരിദ്ര്യം തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പ്രതിമാസ ശമ്പളം 12,000 ൽ കുറവാണോ? എങ്കിൽ അത്രയും തുക അയാൾക്ക് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തും. അവരെ ദാരിദ്ര്യത്തിൽനിന്നും ഞങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

ഇന്ത്യയിലെ ധനികർക്ക് 3,50,000 കോടി പ്രധാനമന്ത്രി മോദിക്ക് നൽകാമെങ്കിൽ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് വേണ്ടി ഞങ്ങൾക്കിത് ചെയ്യാനാകുമെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ 5 വർഷമായി ജനങ്ങൾ പലതും സഹിക്കുകയാണ്. അവർക്ക് നീതി നൽകാനാണ് ഞങ്ങൾ പോകുന്നതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് രാഹുൽ മറുപടി നൽകിയില്ല. ഇന്ന് മറ്റൊരു ചോദ്യത്തിനും താൻ മറുപടി പറയില്ലെന്നും വരും ദിവസങ്ങളിലും പത്രസമ്മേളനം നടത്തുമെന്നും അപ്പോൾ മറ്റുളള വിഷയങ്ങളിൽ മറുപടി പറയാമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ