ന്യൂഡൽഹി: തന്റെ ഫോളോവേഴ്സിന്റെ എണ്ണം കുറയാൻ തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എഴുതിയ കത്തിന് മറുപടിയുമായി ട്വിറ്റർ. ഫോളോവേഴ്സിന്റെ എണ്ണത്തിൽ ക്രമക്കേട് സംഭവിച്ചിട്ടില്ലെന്നും കണക്കുകൾ കൃത്യമാണെന്നും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണെന്നും കമ്പനി അറിയിച്ചു. പ്ലാറ്റ്ഫോമിൽ കൃത്രിമത്വവും സ്പാമിങ്ങും കണ്ടെത്തിയാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ട്വിറ്റർ വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് ഓഗസ്റ്റിൽ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട ശേഷം തന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ മാറ്റമുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് കത്തെഴുതിയത്.
2021 ഡിസംബർ 27ന് എഴുതിയ കത്തിൽ, ട്വിറ്റർ “ഇന്ത്യ എന്ന ആശയത്തിന്റെ നശീകരണത്തിന്റെ ചട്ടുകമായി” മാറരുതെന്നും സ്വേച്ഛാധിപത്യത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള വലിയ ഉത്തരവാദിത്തം ട്വിറ്ററിന് ഉണ്ടെന്നും രാഹുൽ പറഞ്ഞു.
ലോകമെമ്പാടും രൂപപ്പെടുന്ന ലിബറൽ ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.
അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ കുറവ് വന്നതിന്റെ ഡാറ്റയും സോഷ്യൽ മീഡിയ വിദഗ്ധരുടെ വിശകലനങ്ങളും ചേർത്തുകൊണ്ടായിരുന്നു മുൻ കോൺഗ്രസ് അധ്യക്ഷന്റെ കത്ത്.
2021 ഓഗസ്റ്റ് എട്ടിനാണ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് “താത്കാലികമായി” സസ്പെൻഡ് ചെയ്യപ്പെട്ടത്, ബലാത്സംഗത്തിന് ഇരയായ ദലിത് പെൺകുട്ടിയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രം പോസ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ആയിരുന്നു നടപടി.