ന്യൂഡല്‍ഹി: ട്വിറ്റർ പോസ്റ്റിലെ കണക്കിലുണ്ടായ പിശകിന് സോഷ്യൽ മീഡിയയിൽ പരിഹാസം ഏറ്റുവാങ്ങിയ രാഹുൽ ഗാന്ധി, കുറിക്ക് കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തി. “നരേന്ദ്രഭായിയെ പോലയല്ല താൻ, മനുഷ്യനാണ്”, എന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.
ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മനുഷ്യനല്ലേയെന്ന ചോദ്യവും രാഹുൽ ഗാന്ധി പരോക്ഷമായി ഉയർത്തി. 2014 ൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം ഉണ്ടായ വിലക്കയറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് രാഹുൽ ഗാന്ധിക്ക് തെറ്റിയത്.
“ബിജെപിയിലെ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി, നരേന്ദ്ര ഭായിയില്‍നിന്ന് വ്യത്യസ്തമായി ഞാന്‍ മനുഷ്യനാണ്. നമുക്കെല്ലാവർക്കും ചിലപ്പോഴൊക്കെ തെറ്റുകള്‍ സംഭവിക്കാറുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. ഇനിയും തെറ്റുകൾ ചൂണ്ടിക്കാട്ടണം. സ്വയം മെച്ചപ്പെടുന്നതില്‍ അത് എനിക്ക് ഏറെ സഹായകരമാകും”- രാഹുൽ തന്റെ ട്വിറ്ററിൽ എഴുതി.