അഹമ്മദാബാദ്: ഗുജറാത്തില്‍ ഏറെ കഷ്ടതകള്‍ അനുഭവിച്ച് അധ്യാപനം തുടരുന്ന അധ്യാപികയെ ആശ്ലഷിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ട് ടൈം അധ്യാപികയായ രഞ്ജന അവാസ്ഥിയുടെ ജീവിതകഥ കേട്ട് നിന്നവരുടെ മുഴുവനും കണ്ണ് നിറച്ചു. ഗുജറാത്തില്‍ അധ്യാപക സമൂഹവുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ കോളേജ് അധ്യാപകര്‍, പ്രൊഫസര്‍മാര്‍, സ്കൂള്‍ ടീച്ചര്‍മാര്‍ എന്നിവരുടെ പ്രശ്നപരിഹാരത്തിനായുളള നിര്‍ദേശങ്ങള്‍ തേടിയാണ് കോണ്‍ഗ്രസ് ദ്വിദിന ക്യാംപെയിന്‍ നടത്തുന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയ നിരവധി അധ്യാപകരില്‍ ഒരാളായിരുന്നു രഞ്ജന. അഹമ്മദാബാദിലെ തകോര്‍ബായി ദേശായി ഹാളില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി ഇവരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് ശേഷമാണ് അധ്യാപകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കിയത്.

തനിക്കും താന്‍ ഉള്‍പ്പെടുന്ന അധ്യാപകസമൂഹത്തിനും കോണ്‍ഗ്രസ് ഭരണത്തില്‍ വന്നാല്‍ എന്ത് ഗുണമാണ് ഉണ്ടാവുക എന്നായിരുന്നു രഞ്ജനയ്ക്ക് അറിയേണ്ടിയിരുന്നത്. തന്നെ പോലെയുളള നിരവധി പാര്‍ട്ട് ടൈം കോളേജ് അധ്യാപകര്‍ അവകാശപ്പെട്ട ശമ്പളവും, ആനുകൂല്യവും, മെഡിക്കല്‍ ലീവുകളും പെന്‍ഷന്‍ പോലും കിട്ടാതെ ഗുജറാത്തില്‍ അവഗണിക്കപ്പെടുകയാണെന്ന് ഇടറുന്ന ശബ്ദത്തോടെ ഇവര്‍ സദസില്‍ പറഞ്ഞു. 1994ല്‍ പിഎച്ച്ഡി കരസ്ഥമാക്കി അധ്യാപനത്തിലേക്ക് കടന്നത് മുതല്‍ ജീവിതം ദുരിതപൂര്‍ണമായതായതായി ഇവര്‍ പറഞ്ഞു.

‘പാര്‍ട്ട് ടൈം അധ്യാപികയായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 22 വര്‍ഷം കഴിഞ്ഞിട്ടും ഞാനടക്കമുളള അധ്യാപകരുടെ മാസശമ്പളം 12,000 രൂപയാണ്. പ്രസവാവധി പോലും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഈ കാലഘട്ടത്തില്‍ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്,’ നിറകണ്ണുകളോടെ നിരഞ്ജന അവാസ്തി പറഞ്ഞു.

‘ഞങ്ങളുടെ ഇത്രയും കാലത്തെ സേവനം മറന്ന് കൊണ്ട് യാതൊരു ആനുകൂല്യങ്ങളും കൂടാതെ മാസശമ്പളമായി 40,000 രൂപ വാഗ്ദാനം ചെയ്യാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നീക്കം. മറ്റ് അധ്യാപകരെ പോലെ മാന്യമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ വിരമിച്ചതിന് ശേഷം പെന്‍ഷന്‍ അനുവദിക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ. എന്നാല്‍ ഞങ്ങള്‍ക്ക് യാതൊരു തരത്തിലുളള പ്രതീക്ഷയും ഇല്ല. എത്ര വലിയ സംഘര്‍ഷങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയതെന്ന് മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍​തിരിച്ചറിയുന്നത്. എത്രമാത്രം വേദനയാണ് ഞങ്ങള്‍ സഹിച്ചതെന്ന് മാത്രമാണ് ഇപ്പോള്‍ മനസ്സിലാകുന്നത്’, കണ്ണീരോടെ നിരഞ്ജന അവാസ്തി പറഞ്ഞു നിര്‍ത്തി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അധ്യാപക സമൂഹം കഷ്ടതകള്‍ അനുഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അവര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. നിരഞ്ജന അവാസ്തിയുടെ കഷ്ടതകള്‍ കേട്ടറിഞ്ഞ രാഹുല്‍ തന്റെ കൈയിലുളള മൈക്കെടുത്ത് ഒരുനിമിഷത്തെ മൗനത്തിന് ശേഷം പറഞ്ഞു, ‘ചിലപ്പോഴൊക്കെ ചില ചോദ്യങ്ങള്‍ക്ക് വാക്ക് കൊണ്ട് നമുക്ക് മറുപടി പറയാന്‍ കഴിയില്ല’.

തുടര്‍ന്ന് മൈക്ക് താഴെ വെച്ച് രാഹുല്‍ സദസിന്റെ മധ്യഭാഗത്തായി ഇരുന്നിരുന്ന അധ്യാപികയുടെ നേരെ നടന്നു. ഏറെ നേരം അവരോട് സംസാരിച്ച രാഹുല്‍ അധ്യാപികയെ ആലിംഗനം ചെയ്ത് സമാശ്വസിപ്പിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗുജറാത്തിലെ അധ്യാപകസമൂഹത്തിന് മാതൃകാപരമായ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ