ന്യൂഡല്‍ഹി: ബിജെപിയുടെ ട്രോളന്മാരെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏതാനും ദിവസത്തേക്ക് താന്‍ വിദേശത്തേക്ക് പോവുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു രാഹുലിന്റെ പരിഹാസം.
അമ്മയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വൈദ്യ പരിശോധനയുമായി ബന്ധപ്പെട്ടാണ് താന്‍ വിദേശത്ത് പോകുന്നതെന്ന് രാഹുല്‍ സോഷ്യല്‍ മീഡിയയിലെ കുറിപ്പില്‍ പറയുന്നു. ഉടന്‍ മടങ്ങി വരുമെന്നും രാഹുല്‍ പറയുന്നു. അതേസമയം, എങ്ങോട്ടാണ് പോകുന്നത് എന്ന് രാഹുല്‍ വ്യക്തമാക്കിയില്ല.
‘ബിജെപിയുടെ ട്രോള്‍ ആര്‍മിയിലെ സൂഹൃത്തുക്കളേ, കൂടുതല്‍ അസ്വസ്ഥരാകരുത്, ഞാനുടനെ മടങ്ങി വരും’ എന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. രാഹുലിന്റെ വിദേശ യാത്രകളെ പരിഹസിക്കുന്ന ബിജെപി പ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
രാഹുലിന്റെ വിദേശ യാത്രകളെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥിരമായി പരിഹസിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരിഹാസം. നേരത്തെ കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം രണ്ടാഴ്‌ചത്തെ ലീവെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.