ന്യൂഡല്‍ഹി: കത്തുവ കൂട്ട ബലാത്സംഗ കൊലയുടേയും ഉന്നാവോ ബലാത്സംഗത്തിന്റേയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സമരത്തിലേക്ക്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് അര്‍ദ്ധരാത്രി പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ നേതാക്കളുടെ തീരുമാനം. രാഹുലിന്റെ നേതൃത്വത്തില്‍ മെഴുകുതിരികളേന്തി വ്യാഴാഴ്ച അര്‍ദ്ധരാത്രി ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഇത് സംബന്ധിച്ച് പ്രസ്താവന നടത്തി.

കത്തുവയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ക്രൂരതയാണെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. മനുഷ്യത്വത്തിനെതിരായ ആക്രമണമാണിതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

rahul gandhi, kathua unnao

വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെയും ഇദ്ദേഹം വിമർശിച്ചു.”എങ്ങിനെയാണ് ഇത്തരമൊരു കേസിലെ പ്രതികളെ ആർക്കെങ്കിലും ന്യായീകരിക്കാൻ സാധിക്കുക?” രാഹുൽ ഗാന്ധി ചോദിച്ചു. പ്രതികളെ ശിക്ഷിക്കാതിരിക്കാൻ സാധിക്കില്ലെന്ന് ട്വിറ്ററിൽ കുറിച്ച അദ്ദേഹം നിരപരാധിയായ ഒരു കുഞ്ഞിന് നേർക്കുണ്ടായ ഇത്രയും നീചമായ ക്രൂരതയെ ന്യായീകരിച്ച് നമ്മൾ എന്ത് നേടുമെന്നും അദ്ദേഹം ചോദിച്ചു.

കത്തുവയിലെ രസന ഗ്രാമവാസിയായ പെൺകുട്ടിയെ ജനുവരി 10നാണ് കാണാതായത്. പെൺകുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിസം റോഡരികിൽ കണ്ടെത്തുകയായിരുന്നു. തടവിലാക്കിയ പ്രതികൾ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

rahul gandhi, kathua unnao

ഉന്നാവോ ബലാത്സംഗ കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ കനത്ത വീഴ്ചയെ തുടര്‍ന്ന് യോഗി സര്‍ക്കാരിന് കേസ് സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. യോഗി സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്.

rahul gandhi, kathua unnao

ഉന്നാവോ ബലാത്സംഗത്തിലും ഇരയുടെ പിതാവിന്റെ മരണത്തിലും പ്രതിസന്ധിയിലായ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിന്തുണച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീ സുരക്ഷയും നീതിന്യായവും സംസ്ഥാനത്ത് യോഗി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കാറിനെതിരെ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് യോഗിയെ പിന്തുണച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തിയത്.

rahul gandhi, kathua unnao

ബേട്ടി ബച്ചാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനാത-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയും സംഭവത്തില്‍ നടപടി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. റെയില്‍വെ മന്ത്രി പിയൂഷ് ഗോയലും യോഗി സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ എല്ലാ കുറ്റവാളികളേയും പിടികൂടുമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook