ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനൊപ്പമാണ് രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്. മുഖ്യവരണാധികാരി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്മാന് മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്. ഇന്ന് സമയം അവസാനിക്കാനിരിക്കെ ഇതുവരെയും ആരും രാഹുലിന് എതിരായി ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല.
93 പത്രികകളാണ് രാഹുല്‍ ഗാന്ധിക്കായി ഹൈക്കമാൻഡ് നേതാക്കളിൽ നിന്നും വിവിധ സംസ്ഥാന പിസിസികളിൽ നിന്നുമായി സമർപ്പിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനായി കേരളത്തിൽ നിന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഞായറാഴ്ച ഡൽഹിയിലെത്തിയിരുന്നു.
ചൊവ്വാഴ്ച പത്രികകളിൽ സൂക്ഷ്മ പരിശോധന നടക്കും. സൂക്ഷ്മ പരിശോധന പൂർത്തിയായാൽ സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തും. പത്രിക പിൻവലിക്കാനുള്ള സമയ പരിധി 11 വരെയാണ്.